അങ്ങനെ ഞാളിത്തിരി
മധുരക്കള്ള് കട്ട് കുടിച്ചു.
കുടിച്ച് കുടിച്ച്
കൊറേ ചിരിച്ച്,
ഏറെ മിണ്ടി,
തോണ്ടി,
തൊട്ടു,
തോറ്റു കൊടുത്തു,
തോന്ന്യാസം വിളിച്ചു,
ഒടുക്കം,
തോളിൽ കൈയ്യിട്ട്
നടന്നു.
അപ്പോഴും
ഞാക്ക് കാഴ്ച
മങ്ങിയിരുന്നില്ല.
മനുഷ്യരെ കാണാനുള്ള
പോതവും പുത്തിയുമണഞ്ഞുമില്ല.
ഇപ്പുറം കണ്ണു കാണാത്ത ചിലർ,
മീശ മുളക്കാത്തവർ
തലയോട്ടി അടിച്ചു പൊട്ടിക്കുന്നു.
ആണെന്നില്ല,
പെണ്ണെന്നില്ല
തല നിറയെ മത്ത്.
ഓല് തള്ളാരെ ഞെരിക്കുന്നു,
തന്താരെ ഭരിക്കുന്നു,
പെങ്ങളെ പിഴിയുന്നു,
നാട് മുടിക്കുന്നു,
ഉറക്കില്ലാണ്ട് നടക്കുന്നു.
ഓലെ തലച്ചോറ് മുഴുക്കെ മത്ത്…
കണ്ടു മടുത്ത ഞാള്
ഓലോട് വെരല് ചൂണ്ടിപ്പറഞ്ഞു,
‘മാതാ -പിതാ- ഗുരു- ദൈവം’
പരിഹാസച്ചിരി ചവച്ച്
കാർക്കിച്ചവർ ഞാളെ
മോത്ത് തുപ്പി.
മൊത്തി തൊടച്ചോണ്ട് നിന്ന
ന്റെ ചൂണ്ടു വെരല്
മടക്കിയൊടിച്ചുകൊണ്ട്
ഓല് പറഞ്ഞു
"ഔ… തന്ത വൈബ്,
മന്ദബുദ്ധികൾ’’.
പറയുന്ന ഓലോ?
സ്റ്റിക്ക്, സ്റ്റഫ്, കല്ല്, മെത്ത്
ന്യൂ ജെൻ കുന്തളിപ്പ്,
അത് അന്തസ്സ്!
ഞാക്ക് മൗനം.
തല കുമ്പിട്ടു ഞാള്
പൊരക്ക് പോവാൻ നടന്നു.
ഞാള് മോത്ത് നോക്കാതെ, മനസോണ്ട്
മാത്രം കൊറേ മിണ്ടി.
ഇതൊന്നും നേരെയാവുല്ലാന്ന്
പറയാണ്ട് പറഞ്ഞു…
മ്മളെ കൊണ്ട് കൂട്ട്യാൽ കൂടില്ല
മ്മള് തന്താരയിലെ…
ഒരു ബീഡി കത്തിക്കാ മ്മക്ക്?
"വേണ്ട...
ആപ്പൻ കൊലയിമ്മൽ
കുത്തിരിക്കുന്ന്‌ണ്ട്,
മൂപ്പര് കാണും’’.
ആപ്പന്റെ നിഴല് പേടിച്ച്
ചുണ്ടിലെ ബീഡി തുപ്പി,
ഉരക്കാൻ നോക്കിയ കൊള്ളി
തീപ്പെട്ടിയോടെ വലിച്ചെറിഞ്ഞു.
പാടത്ത് മലർന്ന് കിടന്ന് മാനം കണ്ട്
ഞാള് പിന്നേം കൊറേ മിണ്ടി.
