ഓത്തു കഴിഞ്ഞു മടങ്ങുംവഴി
പെട്ടെന്ന് റബ്ബേ മുന്നിലായി
ഓണം കൂടും തെയ്യമൊന്ന്
ആകെ ചുവന്നു നിറഞ്ഞ വേഷം.
താടി, കിരീടം, മണിക്കിലുക്കം
മാലകൾ, മാറാപ്പ്, വട്ടക്കുട
കൈകളിൽ കാലിൽ കിലുകിലുക്കം
മുന്നിലിളകി നിന്നു തെയ്യം.
പേടിച്ചു പാഞ്ഞു തിരിഞ്ഞു ഞാനും
പച്ചിലക്കാട്ടിൽ പതുങ്ങിനിന്നു.
ഊരോം വിത്തുകൾ തലയിലെങ്ങും
ചാടിയിരുന്നു പരിഹസിച്ചു
നീലം മുക്കിയ വെള്ളമുണ്ടിൽ
കോടപ്പുല്ലുകൾ പതിഞ്ഞു കൂടി.
വള്ളിപ്പടർപ്പിൻ മറവിലൂടെ
നേരം പോകുന്നു,ഞാനറിഞ്ഞു.
കാരമുള്ളൊന്നു വകഞ്ഞുമാറ്റി
മെല്ലെ പുറത്തേക്കു നോക്കി ഞാനും,
ഓണത്തെയ്യമകന്നു ദൂരെ,
ഓടും കിലുക്കം കേൾക്കാതെയായ്.
മുള്ളുകൾ നുള്ളിയെടുക്കുന്നേരം
ഉള്ളാളത്തോറെ വിളിച്ചുപോയി
ബദ് രീങ്ങളേയെന്നിരുന്നു പോയി
ഓതും കിത്താബെന്റെ കയ്യിലില്ല!
ഓടി,വഴിയതൊന്നാകെ നോക്കി
മുള്ളുകൾ കൊണ്ടു മുറിഞ്ഞുനോക്കി
ഉസ്താദറിഞ്ഞാലുള്ളാകുലത
പേടിയായ് കാലിലരിച്ചു കേറി.
കിത്താബ് പോയാലേറെയല്ലോ
വീട്ടിലുണ്ടാകും മുസീബത്തുകൾ
ഓണവെയിലിൻ ചൂടുയർന്നു
ഓണപ്പൂവുകൾ വാടി നിന്നു.
പേടി വിയർത്തു നടന്നു മെല്ലെ,
വീട്ടുപടികൾ കയറുന്നേരം,
മുറ്റത്തു നിൽക്കുന്നുണ്ടോണത്തെയ്യം
ഉമ്മാമ കേൾക്കുന്നുണ്ടാംഗ്യമെന്തോ.
ഓടി ഉമ്മാമാൻ്റടുത്തു നിൽക്കെ,
കൈനീട്ടി തലയിൽ തൊട്ടു തെയ്യം
പൂവിൽ നിന്നിത്തിരിയുഴിഞ്ഞെറിഞ്ഞു
പറയാതെയെന്തോ പറഞ്ഞു തെയ്യം.
ഉമ്മാമ്മ നാഴിയിലരിയളുന്നു...
ഭാണ്ഡം മുറുക്കി നടന്നു തെയ്യം.
പാഞ്ഞു മറഞ്ഞതും പേടിച്ചതും
ആരോടുമപ്പോൾ പറഞ്ഞില്ല ഞാൻ
കിത്താബ് കാണാതെയുള്ള കാര്യം
മിണ്ടാതെ നാവും പതുങ്ങിനിന്നു.
മഗ്‌രിബ് നേരമന്നോതാതെ ഞാൻ
ദിക്റുകൾ ചൊല്ലിയിരിക്കുന്നേരം
തട്ടിൽ നിന്നുമ്മാമ കൊണ്ടുവന്നു
കാലത്ത് കൈവിട്ട കിത്താബത്.
എങ്ങനെയെന്നുള്ള വിസ്മയത്തിൽ
ഉമ്മാമയോടതു ചോദിച്ചു ഞാൻ.
ഓത്തും ദിക്റും കഴിഞ്ഞുമ്മാമ
നിസ്ക്കാരപ്പായ മടക്കിവെയ്ക്കും
കാണാമടിശ്ശീലയൊന്നിൽ നിന്നും
കിസ്സകളോരോന്നെടുത്തു വെയ്ക്കും.
അന്നത്തെ കിസ്സകൾ കേൾക്കുവാനായ്
ഉമ്മാമാൻ്റരികിലായ് ഞാനിരുന്നു.
