ചിഞ്ചു റോസ

ഓണക്കോടി

രിക്കലും
പാകമാവില്ലെന്നുറപ്പുള്ളൊരു
കുപ്പായം ഞാൻ
സൂക്ഷിക്കുന്നുണ്ടായിരുന്നു.
ഒന്നുകിൽ
ദേഹത്തതയഞ്ഞുകിടന്നു,
അല്ലെങ്കിലത് മുറുകിയും...
രണ്ടായാലും
അതിനുള്ളിൽ
കിടന്നു ഞാനീക്കണ്ട
കാലമൊക്കെ വേദനിച്ചു.
അതിനുവേണ്ടി
സ്വയം പാകപ്പെട്ടപ്പോഴൊക്കെ നൊന്തു.

ഒടുവിലതിൽനിന്നിറങ്ങി-
പോന്നപ്പോഴൊക്കെയതിന്റെ
തുന്നലുകളിലുടക്കി
ദേഹം കീറി.
ഒടുവിലത്
ഏറെക്കാലം തറയിൽ കിടന്നു.
സകലയഴുക്കും പേറി
നിറം മങ്ങി
അഴുകി തുടങ്ങി.
ഒടുവിൽ ദയവുള്ളയൊരാൾ
അത് തൂത്തെറിഞ്ഞു.

കിട്ടില്ലന്നോർത്തിട്ടും
അങ്ങനെയൊന്ന്
വളരേക്കാലം
വെറുതേയാശിച്ചു.
എങ്കിലും ജീവിതമാണല്ലോ.

വരില്ലെന്നുറപ്പുണ്ടായിട്ടും
കാത്തിരിക്കുന്ന സ്വഭാവത്തിന്
മാറ്റൊമൊന്നുമുണ്ടായിട്ടില്ലല്ലോ.
എടുക്കില്ലന്നറിഞ്ഞിട്ടും
വിളിച്ചവസാനിപ്പിക്കുന്ന
ആ നമ്പർ പോലെ
അതും ഒരു
ശീലമായി പോയിരുന്നു.

പക്ഷെ,
വെറുതെയായില്ല
ഈ ഓണത്തിന്,
അരികിൽ
സ്വർണകസവും
പൊന്നിൻ നൂലും
തൊങ്ങലിട്ട കുപ്പായമൊന്നെന്നെ
തേടി വന്നു.
തൊടുമ്പോഴൊക്കെ
മിനുമിനുപ്പ്,
കൃത്യം പാകം,
ഇറങ്ങി വരാൻ തോന്നായത്ര
സ്വസ്ഥതയുള്ളയൊന്ന്.

അത് അങ്ങനെയേ വരൂ…
അല്ലെങ്കിൽ
ഒരിക്കലും മുൻപരിചയമില്ലാത്ത,
വരുമെന്ന് തീരെ കരുതിയിട്ടില്ലാത്ത,
ഓണം പോലും
നിന്റെകൂടെയല്ലേ വന്നത്?
പിന്നെയല്ലേയിത്.


Summary: Onakodi Malayalam poem by Chinchu Rosa and Published in truecopy onam special webzine Packet 297.


ചിഞ്ചു റോസ

കവി, എഴുത്തുകാരി. ‘ഒരേ മുഖ(ല)ഛായയുള്ള പെണ്ണുങ്ങൾ’, ‘ആകാശത്തിലെ മുയൽ കുഞ്ഞുങ്ങളും ചിറകുകളുള്ള പെൺകുട്ടിയും’ എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകൾ ഇംഗ്ലീഷ്, ജർമൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. യു.കെയിൽ താമസിക്കുന്നു.

Comments