എം.പി. അനസ്

ഓണം കഴിഞ്ഞതിൽപ്പിന്നെ...

വധി കഴിഞ്ഞു നാം
തിരികെവന്നേരത്ത്
പതിവ് ചിരിയില്ലാ
നിന്നുടെ മുഖത്തെങ്ങും.

നോക്കിക്കഴിഞ്ഞുള്ളോ-
രുത്തരക്കെട്ടുംകൊണ്ട്
മാഷിനെക്കണ്ടിട്ടാവാം
മൂകമായ് ക്ലാസാകെയും.

ഇടതുബെഞ്ചിൽ നിന്നും
ഇടയ്ക്കൊന്നെത്താറുള്ള
കൺമിന്നൽ തെളിയാതെ
ഇരുണ്ടൂ വലംഭാഗം.

കുറഞ്ഞ മാർക്കിന്നുള്ള
പരിഹാസത്തിന്നൊച്ച
കേൾക്കുവാനാകാതൊരാൾ
കുന്നിന്റെ മുകളിലായ്.

മടങ്ങുന്നേരത്തോണം
പറഞ്ഞില്ലൊരുവാക്കും
പൂമണം നിന്നെപ്പോലെ
കണ്ണുകളടയ്ക്കുന്നു.

ഭാവനാവിചാരത്താൽ
ചെന്നു നാമെത്താറുള്ള
കുന്നിന്നും മുകളിലായ്
തളിർത്തു പിണക്കങ്ങൾ.


Summary: Onam Kazhinjathilpinne, Malayalam Poem written by MP Anas and published in Truecopy webzine packet 299.


എം.പി. അനസ്

കവി, എഴുത്തുകാരൻ, അധ്യാപകൻ. സകലജീവിതം, സമതരംഗം, അയ്യങ്കാളിമാല എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments