ഓണറീലിനായ് പൂക്കളം, തീർക്കുവാൻ,
വന്നു,
വെയിലും പൂവും കിനാക്കളും.
പണ്ടു, നമ്മളോണ നാളിൽ
ഒന്നിച്ചിരുന്നതിന്നോർമ്മ, എന്നിലും.
കസവു സാരിയുടുത്തു നീയും
ഖദറ് ജുബ്ബ, മുണ്ടുമായ് ഞാനും.
ഉടുപ്പു മാറിയതെത്ര വേഗം,
പൂവിറുത്തു നടന്ന ബാല്യം.
ഓണപ്പടത്തിലെ, പാട്ടുകൾ,
കേട്ടു നാം - പ്രണയരാഗം -
ടേപ്പ്റെക്കോർഡറിൽ.
പാട്ടു കേൾക്കുവാനെന്ന മട്ടിൽ
കൂടി നിൽക്കുന്നു കൂട്ടുകാരൊക്കെയും.
പൂക്കളം തീർക്കുവാനെന്നു നമ്മൾ
തൊട്ടിരുന്നു കൈക്കുമ്പിൾ തമ്മിൽ.
ഓണമല്ലേ, കുടിച്ചു തീർത്തൂ,
മധുരമേറുന്ന, പ്രഥമനന്ന്.
കാറ്റു വീശുന്ന പകലിനൊപ്പം,
ഇലകളോരോന്നടർന്നു വീണു.
പങ്കിടുന്നു, റീലിൽ ഞാനും
ഓണനാളിന്നോർമ്മയെല്ലാം
കണ്ടു, നീയും നീക്കിയേക്കാം
വിരലു തൊട്ടു, റീലതെല്ലാം.