ഓൺലൈൻ സൈറ പി.എ. നാസിമുദ്ദീന്റെ കവിത

ഗരത്തിലൂടെ
നടക്കുമ്പോൾ
കുട്ടിക്കാലത്തെ
കളിക്കൂട്ടുകാരി
സൈറയെ പോലെ
ഒരുത്തിയെ കണ്ടു

വാനിറ്റി ബാഗ്
തോളിലിട്ട്
ആഞ്ഞു നടക്കുകയായിരുന്നു

സൈറാ! സൈറാ!
ഞാനുറക്കെ വിളിച്ചു

അവൾ കെ.ബി. മാളിൽ കേറി
എസ്‌കലേറ്റർ
അവളെ കോരിയെടുത്തു
പിന്നാലെ എന്നെയും

അവൾ ഏതുനിലയിലാണെന്ന്
അറിയാതെ
ഞാനേതോ നിലയിൽ
കീറിയ
ഒരു കസേരയിൽ
കുഴഞ്ഞുവീണു
അപ്പോൾ ഒരു സ്വപ്നം കണ്ടു

കുഞ്ഞുങ്ങളായ ഞങ്ങൾ
നഗ്‌നരായ്
കല്ലുകൾ കൂട്ടിവെച്ച്
ചിരട്ടയിൽ മണ്ണ് നിറച്ച്
ചോറുണ്ടാക്കുന്നു

അവളുടെ കഴുത്തിലെ
കുഞ്ഞി നീല മറുക്
തിളങ്ങി കൊണ്ടിരുന്നു

II

നഗരത്തിലൂടെ
പോകുമ്പോൾ
പിന്നെയും
അതേ മുല്ല പൂക്കൾ
വാനിറ്റി ബാഗ്

അവൾ പാതാളം
എന്ന ബോർഡ് വെച്ച
ബസ്സിൽ കേറി
അത് പാഞ്ഞുപോയി

III

കമ്പ്യൂട്ടറിൽ
മൗസ് ക്ലിക്കിയപ്പോൾ
യാദൃശ്ചികമായ്
അവളുടെ മുഖം മിന്നി

‘ഹലോ സൈറയല്ലേ?'
‘ഏതു സൈറ'
‘കഴുത്തിൽ
കുഞ്ഞി നീലമറുകുള്ള'

അവൾ ഒരു സന്തോഷ
ചിഹ്നമയച്ചു

ഞങ്ങൾ മണ്ണുവാരികളിച്ചതും
കുളത്തിൽ നീന്തിയതും
പറഞ്ഞ് ഏറെ കരഞ്ഞു

പിറ്റേന്ന്
മച്ചിങ്ങകളും
പച്ചിലകളും
ചിരട്ടകളും നിറഞ്ഞ
ചാറ്റ് മുറികളിൽ
ആദമും ഹവ്വയും പോലെ
ഞങ്ങൾ നഗ്‌നരായ്
ആസക്തികളില്ലാതെ
രതിയില്ലാതെ

ഓൺലൈൻ
പൂഴി കഞ്ഞി വെച്ചു
കൊത്താംകല്ലുകളിച്ചു

അവൾ മാഞ്ഞുപോയി
സ്‌ക്രീനിൽ
അക്ഷരങ്ങൾ തെളിഞ്ഞു

we will continue
This till end of life

Comments