ഒ.പി. സുരേഷ്​

മ്പളം പറ്റുന്ന ഒരുദ്യോഗമായി
ജീവിതത്തെ മാറ്റിയെടുത്തതിൽ പിന്നെ
സന്ദേഹം എന്തെന്നറിഞ്ഞിട്ടില്ല.

സന്തോഷമോ, സങ്കടമോ
പട്ടികയിലെ മറ്റ് വികാരങ്ങളെന്തുമാകട്ടെ,
അനുവദിക്കപ്പെട്ട സമയത്തിനപ്പുറമില്ല.

മുഷിയുമ്പോൾ തൽക്കാലം തെറിച്ചു നിൽക്കാൻ
പ്രക്ഷുബ്ധമായ ഇടങ്ങൾ പോലുമൊരുക്കിയ
അന്തസ്സുറ്റ ചട്ടക്കൂടുകൾ

‘എങ്ങനെയുണ്ട്' എന്ന് ചോദിക്കുന്നതും
‘അങ്ങിനേ പോണു'എന്ന് പറയുന്നതും
ഔദ്യോഗിക അഭിവാദനങ്ങൾ

ചോദിക്കുന്നവരും പറയുന്നവരും
പല ഷിഫ്റ്റുകളുള്ള ഒരൊറ്റ ഫാക്ടറിയിലെ
പരസ്പര ബഹുമാനമുള്ള ശമ്പളക്കാർ

വീട്, ഓഫീസ്, വിനോദ കേന്ദ്രങ്ങൾ
പരിമിതമുദ്രയുള്ള ത്രികോണപ്രയാണങ്ങൾ
എവിടെയും മുദ്രിതമാകുകയുമില്ല.

അരക്ഷിതമായ ഒരുണ്മയെന്നോണം
മറ്റെവിടെയോ ജീവിതം തിരയുന്നവർ
കഥാപുസ്തകത്തിൽ പോലും ഇല്ലാതായി.

തോന്നുംപടി അലയുന്നവരെ
ചട്ടപ്പടി പണിക്കാരാക്കുന്ന
ദുർഗ്ഗുണ പരിഹാര പാഠശാലയാണ് ലോകം.

കിട്ടുന്ന ശമ്പളത്തിനൊത്ത്
ജീവിച്ചുകൊണ്ടേയിരിക്കണം
പണിമുടക്കമില്ല, രാജിയില്ല.

മാസാമാസം ശമ്പളം കിട്ടും
മരിക്കും വരെ ജീവിക്കും ▮


ഒ.പി. സുരേഷ്

കവി, എഴുത്തുകാരൻ. വെറുതെയിരിക്കുവിൻ, താജ്​മഹൽ, പല കാലങ്ങളിൽ ഒരു പൂവ്​, ഏകാകികളുടെ ആൾക്കൂട്ടം എന്നിവ പുസ്തകങ്ങൾ.

Comments