മിത്ര നീലിമ

ഒരേ മുഖമുള്ള രണ്ട് പ്രണയങ്ങൾ

രേ പോലെ മുഖമുള്ള
രണ്ട് കാമുകന്മാർ എനിക്കുണ്ട്.
നല്ല രസമാണ്.
ഒന്നൊരു ഇറച്ചിവെട്ടുകാരൻ
രണ്ടൊരു സിനിമാക്കാരൻ

ഒന്നാമൻ
കഴുത്തിനു പിടിച്ച്
നട്ടെല്ല് വളച്ച്
ഏകാന്തതയെ
അതിഭീകരമായി
കീഴ്പ്പെടുത്തുന്നു.
തോലുരിച്ചു
കുടലും പണ്ടവും വെവ്വേറെ
തിരിക്കുന്നു.

രണ്ടാമൻ
അതിസൂക്ഷ്മതയോടെ
എന്റെ ഓരോ ചലനങ്ങളെയും
ക്യാമറക്കണ്ണിലൂടെ
ഒപ്പിയെടുക്കുന്നു.
ഓരോ ഫ്രെയിമുകളായി
അടുക്കി വെക്കുന്നു.
ഹാ പ്രമാദം!
നിരീക്ഷണവലയത്തിലെ പ്രണയം!

ഒരാൾക്ക് സംഭാഷണവും
മറ്റേയാൾക്ക്
പ്രവൃത്തിയുമാണ്
ഇഷ്ടം.

രണ്ടിലും പ്രണയമല്ലാതെ
മറ്റെന്താണ്?

ഒരേ മുഖഛായയുള്ള
രണ്ട് കാമുകന്മാർ
രസമാണ്.

ഒന്നൊരു സിനിമക്കാരൻ
കത്തിക്ക് മൂർച്ച കൂട്ടുന്നു.
രണ്ടാമൻ ഇറച്ചിവെട്ടുകാരൻ
ക്യാമറയിലൂടെ ലോകത്തെ
കാണുന്നു.

അയ്യോ മാറി!
ഒന്നാമൻ ഇറച്ചി വെട്ട്
രണ്ടാമൻ സിനിമ

ഒന്ന് ഇര!
രണ്ട് കര!
എനിക്ക് നില തെറ്റുന്നു.

അവരെന്റെ പ്രണയത്തിന്റെ
ചോരയും
നീരും ഊറ്റിയെടുത്ത്
മാംസം വിൽപ്പനക്കും
പ്രാണൻ വളത്തിനും
ഇട്ടു കൊടുക്കുന്നു.
രണ്ടാണെങ്കിലും
പ്രണയം തന്നെ.

ഞാൻ രാത്രി
അവർ പകൽ
ഞാൻ മുൻപേ
ഞാൻ മുൻപേ
എന്ന മട്ടിൽ
പ്രണയത്തിന്റെ
ചോരപ്പുഴ തന്നെ
ഒഴുക്കുന്നവർ.

ഇറച്ചിവെട്ടുകാരൻ ഒരു സാധു!
അവനെ കാത്തിരിക്കാൻ
ഒരാളുണ്ട്.
സിനിമക്കാരൻ
ഒരു കടുംപിടുത്തക്കാരൻ
അവനാരുമില്ല.
പാവങ്ങൾ!
ഞാനോ…
ഓരോ കത്തിമുനയിലും
അവരെ ചെന്നെത്തിച്ചു
​വരഞ്ഞുവരഞ്ഞ് ഉള്ള്
നീറ്റുന്നവൾ!

ഒരേ മുഖച്ഛായയുള്ള രണ്ടുപേരും
ഒരിക്കൽ കണ്ടുമുട്ടുന്നു.
ഇറച്ചിവെട്ടുകാരൻ
ക്യാമറാലെൻസിലൂടെ
അകത്തേക്കും
സിനിമക്കാരൻ കത്തിയൂരി
പുറത്തേക്കും വരുന്നു.
അഭ്രപാളികളിൽ
രക്തം തെറിക്കുന്നു!
രണ്ടുപേർ
ഒന്നായ പോലെ
പ്രണയം നീറിപ്പിടിക്കുന്നു.

Comments