കഴുത്തിലും ചുണ്ടിലും
പതിഞ്ഞ അടയാളങ്ങളില്‍
നിന്നെയും കാണുന്നു,
കണ്ണാടിയില്‍ നീയും
തെളിയുന്നു, ഞാന്‍
ചായങ്ങള്‍ അണിയുന്നു
കണ്ണുകളില്‍ മസ്കാരയും
ചുണ്ടുകളില്‍ ചുവപ്പും.
നീയെന്തു ചെയ്യുന്നു?
എന്നില്‍ നിന്നും-
പോയതില്‍ പിന്നെ
നീയെവിടെയാണ്?
മൂന്നു ശൈത്യകാലം
വന്നു പോയി
വീണ്ടും എന്റെ ചുണ്ടില്‍
ചോര പൊടിയുന്നു,
പൂക്കളുടെ ചുവപ്പെന്നു
കരുതി വണ്ടുകള്‍ നിറയുന്നു
ഇതള്‍ വിടര്‍ന്നു
കൊഴിഞ്ഞു ഞാന്‍
പതിയെ അടയുന്നു.
തേന്‍ കഴിഞ്ഞു
മൂളല്‍ നിലച്ച
വണ്ടുകളില്‍ എന്റെ
ചുണ്ടുകളുടെ പ്രശസ്തി
നീലശരീരമായി
ഉറുമ്പുകൾ തേടി വന്നു.
ചിറകുകൾ വേർപെട്ടു.
ഒന്നിലധികം പേരുടെ ഒച്ച
ചെവി തുളച്ച നാളുകൾ
അപ്രശസ്തം അവസാനിച്ചു,
എന്നു കരുതിയപ്പോള്‍
നീ തിരിച്ചു വന്നു
എന്റെയെന്നു ഞാന്‍
ഒരു പകല്‍ വീണ്ടും
നിന്നെ ചുണ്ടുകളില്‍
ഉച്ചരിച്ചു, ഇനി നീ
എവിടെയും പോവില്ലല്ലോ
ഇനി നമ്മള്‍ എപ്പോഴും
ഒരുമിച്ചായിരിക്കില്ലേ?
നീലമഷി പുരണ്ട
കൈവിരലുകളാല്‍
ഞാന്‍ നിന്നെ തൊടുന്നു,
നീ എന്റെ ഒരേയൊരു സ്നേഹിതന്.
