മുന്നിലൊരു മുളയുടെ ചങ്ങാടം.
അത്,
ഓർമകളുടെ പ്രദർശനം നടക്കുന്ന ദ്വീപിലേക്കുള്ള
അതിഥികളെ
കാത്തുകിടക്കുകയാണ്.
വരുന്നവർ,
ജീവിതത്തിലെ ഊഷ്മളയിടങ്ങളുടെ
നനവുകൾ
വറ്റാതെ കരുതിവെയ്ക്കുന്നവരാണ്.
സന്തോഷങ്ങളും, സങ്കടങ്ങളും പങ്കിടുന്ന
വിശേഷഭാഷയെ
മിഴികളിൽ ഒളിപ്പിച്ചു വെക്കുന്നവരാണ്.
പലരും,
അന്യോന്യം ചിരപരിചിതരാണ്.
കൂട്ടത്തിൽ,
കാണാൻ കഴിയാത്തവരുമുണ്ട്.
നല്ല ശില്പികളാണവർ.
ജീവിതത്തിലെ അനാവശ്യകാലങ്ങളെ
ചെത്തി ഉപേക്ഷിക്കുകയാണ് പലനേരങ്ങളിലും
ചെയ്യാറുള്ളത്.
ബാക്കിയാവുന്ന അനുഭവങ്ങളെ
കരുതലിലുരുക്കിയവർ നിർമ്മിക്കുന്ന രൂപത്തിനു
ഓർമയെന്നാണ് പേരിടുന്നത്.
ഓർക്കുക എന്നത്,
പരന്നൊഴുകുവാൻ ഒട്ടും നേരമില്ലാത്ത,
അലക്ഷ്യമായി
അലസമായി തെണ്ടുവാൻ കാലമില്ലാത്ത,
മനുഷ്യരുടെ സൃഷ്ടിയാണ്.
ഓരോരുത്തരായി, ആ സംഘം
ചങ്ങാടത്തിൽ കയറിയിരിക്കാൻ തുടങ്ങി.
പലരും
പലവിധ തൊപ്പികൾ ധരിച്ചിരുന്നു.
അവയിൽ എഴുതിയ വരികൾ ഇപ്രകാരമാണ്.
‘‘ഇത്തിരി ദയ, ഇത്തിരി ബഹുമാനം
മനുഷ്യരിൽ നിക്ഷേപിക്കുക’’
തുഴഞ്ഞുതുടങ്ങിയതും
ചിലർ, ആർദ്രമായി അടക്കം പറഞ്ഞു തുടങ്ങി.
"ഓർമകൾ സൂക്ഷിക്കുക.
കൂടെ പാർക്കുന്നവനിലേക്ക് ശ്രദ്ധിക്കുന്ന നേരം,
പാർത്ത ഇടങ്ങൾ
ചേർത്തുപിടിച്ച ദേശങ്ങൾ എന്നീ സമ്പാദ്യങ്ങളെ
മറക്കരുത്.
മനുഷ്യനെ സ്നേഹിക്കുന്നതിലും വലിയ കല വേറൊന്നുമില്ല.
ഉറ്റവരുടെ തുരുത്ത്,
നമ്മൾ കൂടി രൂപപ്പെടുത്തുന്നതാണ്.
നമ്മൾ തുഴഞ്ഞെത്തുന്നതും കാത്ത്
കരയിൽ പേടിച്ചു നിൽക്കുന്നുണ്ടാവും പലരും.
ആ ഭയത്തിനുള്ള
പരിഹാരത്തിന്റെ
ഔഷധത്തിന്റെ,
ശമനത്തിന്റെ പേരാണ് സൗഹൃദം.
ലോകത്തിലെ നമ്മുടെ ഏറ്റവും നല്ല കുശലം
"വല്ലതും കഴിച്ചോ"
എന്നു ചോദിക്കുന്നതാണ്.
ഉറ്റവരോട് കൈകൾ വിരിച്ചുപിടിക്കാൻ പറയുക
എന്നിട്ട് സന്തോഷത്തിനായി
ആവർത്തിച്ചു ചോദിക്കുക
നീ സ്നേഹിച്ചിട്ടുണ്ടോ?
അവർ ഇപ്രകാരമപ്പോൾ
വാവിട്ട് കരഞ്ഞു പറയുന്നത് കേൾക്കാം.
‘‘ഇക്കാലമത്രയും
കേട്ടുകൊണ്ടിരിക്കുന്ന നുണയുടെ പേരാണ്
സ്നേഹം’’.
തുഴയുന്നതിനിടെ ഞാനും ആലോചിച്ചു,
പലപ്പോഴും ജീവിതത്തിൽ
ഏതാണ്ടൊരു ദൂരം പിന്നിടുമ്പോൾ ദിക്കുകൾ
തെറ്റും.
പുറപ്പെട്ട കരയും,
എത്തേണ്ട കരയും ദൂരത്താണെന്നറിയും.
ഏതു കരയിൽ നിന്നാണ്
പുറപ്പെട്ടത് എന്നറിയാതെ അമ്പരക്കും.
അപ്പോൾ,
മുന്നിലൂടെ മുളയുടെ ഒരു ചങ്ങാടം കടന്നുപോകും.
ഓരോ മുളയും ജീവിതമാണ്.
ചങ്ങാടം,
ആഴ്ന്നുപോകാതെ ചേർത്തു കിടന്നുപോകുന്ന
കരുണയുടെ കൂട്ടുകെട്ട്.
ഈ തുഴച്ചിൽ
ദ്വീപിലെത്തുമ്പോൾ
അവിടെ ഉദിക്കാൻ പോകുന്ന വെളിച്ചത്തെ
ഞാനിപ്പോഴേ കാണുന്നു.
തുരുത്തിലിറങ്ങി നടക്കാൻ തുടങ്ങുമ്പോൾ ഞാൻ
അക്കൂട്ടരിൽ ഒരാളോട് ചോദിച്ചു.
നിങ്ങൾ എവിടെ നിന്നും വരുന്നു?
‘‘വളരെ ദൂരെ
മണൽക്കാറ്റടിച്ചു വീടുകൾ മുങ്ങിപ്പോയ
ഒരിടത്തുനിന്നും.
ഞങ്ങൾ അവിടത്തെ ഗ്രാമവാസികളായിരുന്നു’’.
അവരെ നോക്കിനിൽക്കേ എന്നെ
മനുഷ്യൻ എന്ന ഓർമയുടെ ശില്പി തൊടുന്നു.
