മുറിച്ചുവരിൽ ഗൗളി ചിലക്കുന്നു ...
മെല്ലെ മെല്ലെ, ഏന്തിഏന്തി,
വലഞ്ഞു വയോധികനായ
എന്റെ വീട്ടുടമയെപ്പോലെ
കൺമുമ്പിലേക്കു കടന്നുവന്നു.
എങ്ങനെ തുടങ്ങുമെന്നറിയാതെ
കാൽനഖം കൊണ്ട് നീലചുമരിൽ
ഒന്ന് കോറി, മുരടനക്കി ...
"ദയവു ചെയ്തു നീയെന്നെ
ആട്ടിപ്പായിക്കരുതേ,
അലറിവിളിക്കരുതേ,
എനിക്ക് പറയാനുള്ളത് കേൾക്കുക’’.
"ഞാൻ, ടി താണുമൂർത്തി,
ബാച്ചലർ ഓഫ് കോമേഴ്‌സ്,
ഒരു റിട്ടയേർഡ് സി എ,
യോഗി നഗറിലെ നിന്റെ ഈ
വാടകക്കൂരയുടെ ആദ്യ ഉടമ.
ഇതാണു ഞാനും എന്റെ
ഭാര്യയും ഒരുമിച്ചു ഒരിക്കലും
ഒരുമപ്പെടാതെ ജീവിച്ച ഇടം..."
തുടർന്ന് ...
ഒരു മൗനം
മറ്റൊരു മുരടൽ
വീണ്ടും...
"നിന്നെ ആദ്യമായി കണ്ടത്
എനിക്കിന്നും ഓർമ്മയുണ്ട്
അപ്പോൾ കടൽപ്പച്ച നിറമുള്ള
കണ്ണട ധരിച്ചാണ് നീ വന്നത്,
നിന്റെ തോളിലെ ലാപ്ടോപ്പ്
ബാഗ് കണ്ട് എനിക്കല്പം നിരാശ
തോന്നാതിരുന്നില്ല, പകരം
ഒരു ടൈപ്പ്റൈറ്റർ, അതും ഒരു
റെമിങ്ങ്ടൺ, ഉണ്ടാവണമെന്ന്
ഞാൻ മോഹിച്ചുപോയി...
മറ്റൊന്നും കൊണ്ടല്ല,
എനിക്കൊരു പ്രിയപ്പെട്ട
റെമിങ്ങ്ടൺ ഉണ്ടായിരുന്നു,
എന്റെ ഭാര്യയേക്കാളധികം
ഞാൻ ഇഷ്ടപ്പെട്ട റെമിങ്ങ്ടൺ.
ഞാനതിനെ താലോലിച്ചു,
അതെന്റെ വികാരമായിരുന്നു,
വിചാരമായിരുന്നു,
പ്രചോദനമായിരുന്നു...
റെമിങ്ങ്ടണിനോടുള്ള എന്റെ
പ്രിയം എന്റെ ഭാര്യക്ക്
അരോചകമായിരുന്നു...
അതിന്റെ ശബ്ദം കേൾക്കുമ്പോൾ
അവൾ 'ഹൈപ്പർഅക്യുസിസ്'
ബാധിച്ചപോലെ പെരുമാറി.
അവളതു തൂക്കിവിൽക്കാൻ
പലപ്രാവശ്യം ശ്രമിച്ചു.
തലമുടി നീട്ടി വളർത്തി,
പോണിടെയ്ൽ കെട്ടി,
ഒറ്റ കാതിൽ കടുക്കനിട്ട
ആക്രിക്കാരനെ
വിളിച്ചുവരുത്തിയിട്ടുണ്ട്.
അപ്പോഴൊക്കെ
ഞാനും അവളും തമ്മിൽ
സന്ധിയില്ലാ യുദ്ധം നടത്തി.
എന്നാലും റെമിങ്ങ്ടണിനെ
ഞാനുപേക്ഷിച്ചില്ല,
എന്റെ മരണം വരെ.
ഒരു കർക്കിടകമാസ
പുലരിയിൽ, മഴ പൊതിഞ്ഞ്
നഗരം ഉറങ്ങും നേരം ഞാൻ
എന്റെ ടൈപ്പ്‌റൈറ്ററിന്റെ
മുകളിലേക്ക് കുഴഞ്ഞു
വീണു മരിച്ചു,
'കാർഡിയാക് അറസ്റ്റ്’.
അന്ന് മുതൽ ഞാനൊരു
ഗൗളിയായി മാറി, എന്റെ
റെമിങ്ങ്ടണിന്റെ ഉള്ളറയിൽ
ഭാര്യ പോലും കാണാതെ ഞാൻ
മറഞ്ഞിരുന്നു ...
പക്ഷെ, അതിനുശേഷം
എന്റെ ഭാര്യ ഈ വീട് വിറ്റു
ഈ നഗരം തന്നെ
ഉപേക്ഷിച്ചുപോയി.
പോകുന്നതിനുമുമ്പ്
അവൾ ആ മുടി നീട്ടിയ
വളർത്തിയ ആക്രിക്കാരന്
റെമിങ്ങ്ടൺ ദാനം ചെയ്യാൻ
മറന്നില്ല, അവനത്
അശ്രദ്ധമായി ചാക്കിൽ
കുത്തിനിറക്കുമ്പോൾ
റെമിങ്ങ്ടണിൽ നിന്ന് എന്റെ
പിടിവിട്ട് ഞാൻ പുറത്തേക്കു വീണു,
അന്നുമുതൽ ഇന്നുവരെ
ഞാനീ മുറിച്ചുമരിൽ
ഫോട്ടോകളുടെ പുറകിലും
ജനലിന്റെ വിടവിലുമായി
ഒളിച്ചുകളി നടത്തുകയാണ്.
കാരണം,
നിനക്കു ഗൗളികളെ ഇഷ്ടമല്ല.
ഞാൻ ചിലക്കുന്നതിഷ്ടമല്ല.
എന്നെ നീ അറപ്പോടും
വെറുപ്പോടും നോക്കുന്നു.
അതിനിടയിലാണ് ഞാൻ
കണ്ടത്, മൂന്നു പോക്കറ്റുകൾ
തുന്നിപ്പിടിപ്പിച്ച നിന്റെ
മനോഹരമായ ആ
തുണിസഞ്ചി.
എന്റെ പേരിൽ വന്ന കത്തുകൾ
നീ ചവറ്റുകൊട്ടയിലിടാതെ,
ഭദ്രമായി ആ സഞ്ചിയുടെ
പോക്കറ്റിൽ തിരുകിവയ്ക്കുന്നതു
കണ്ടു ഞാൻ നിന്നോട് മനസ്സാ
നന്ദി പറഞ്ഞു...
അത് കണ്ടപ്പോൾ നമ്മൾ
തമ്മിലൊരു സമാധാന
കരാറുണ്ടാക്കിയാലോന്നു
ഞാൻ കരുതി.
ഇനി പറയൂ,
ഞാനെന്താ ചെയ്യേണ്ടത്?
എവിടെയാണ് ജീവിക്കേണ്ടത്?
എന്തായിട്ടാണ് ജീവിക്കേണ്ടത്?
ടി താണുമൂർത്തി,
ബാച്ചലർ ഇൻ കോമേഴ്‌സ്,
സ്വന്തം ഭാര്യയെക്കാൾ
റെമിങ്ങ്ടണിനെ പ്രേമിച്ച
ആൾ ഇന്ന് ജീവിച്ചിരിപ്പില്ല.
ഈ പല്ലിജന്മത്തിലെങ്കിലും
ഞാൻ എന്റെ ഈ വീട്ടിൽ
ശാന്തമായി കഴിഞ്ഞോട്ടെ...
അസ്തിത്വദുഃഖം പേറി
അലയുന്ന ഒരു പടുവൃദ്ധൻ
ഗൗളിയുടെ വേദനയും
അവശതയും അല്പം
അലിവോടെ അറിയൂ.
