ഒരു ഇമേജ്

60 വയസ്സ് കഴിഞ്ഞതിനാൽ
ഇനി മരിക്കണമെന്ന് കരുതി
ദിനേന വെള്ളമടിച്ചു കുഞ്ചിയൊടിഞ്ഞ മാഷ്
ക്വാറന്റയിനിൽ
ചിരിയുള്ള ശബ്ദത്തിൽ
ഫോണിൽ വിളിച്ചു
ഒരിമേജ് വേണം
കവിയായതിനാൽ
ഒരു വിളി

എന്നാൽ ഇറുത്ത രണ്ടു വരികൾ വേണം

രക്തമെന്നെഴുതണമെന്നുണ്ട്
വിരലിൽ കിനിഞ്ഞില്ല
മണ്ണിലേക്കിറങ്ങുവാൻ
പിക്കാക്‌സിനുമായില്ല
വിയർപ്പു മണക്കുമ്പോൾ
ജീർണ്ണിക്കുന്ന ഞാനാണീയാർത്തു കിളിർത്തു
നിൽക്കുന്ന മരങ്ങൾ
എന്ന് പറഞ്ഞാലോ,

പൊടിഞ്ഞുതിരുന്നു ഞാൻ
നാമ്പുകൾ പൊടിക്കുന്നു
കുതിക്കുകയാണു ഞാൻ
എന്നുത്സാഹിപ്പിച്ചാലോ,

പറഞ്ഞില്ല
പറഞ്ഞതിത്രമാത്രം

കവിതയ്ക്കായെടുത്തയേങ്ങലുകൾ
ചുണ്ടിൽ ചുരുട്ടിവെച്ച്
അവളുടെ ചെന്നിയിൽ ചേർത്തു വെച്ചു
മഹാഗണിയുടെ കറുത്തിരുണ്ട തൊലിയിൽ
അണ്ണാൻമാരുരുണ്ട് പോയി

ലോക്ഡൗണിൽ
ഒഴിഞ്ഞ കവലയിൽ നടക്കുകയായിരുന്നു ഞാൻ
എന്റെയൊച്ചകളുടെ തിരകളടിച്ച
കൽച്ചിറ.
മുട്ടനൊരു പാട്ടു പാടി
മടക്കിക്കുത്തിയ ലുങ്കി തെറുത്ത്
തുടയിലടിച്ച്
ഞാൻ കയറിയ പടവുകൾ.
കൂട്ടുകാരെ കാണുമ്പോളുള്ള എന്റെ ചിരി.
ലോക്ഡൗണിനും മുന്നെ.
വർഷങ്ങൾക്ക് മുന്നേ.

ഒരിക്കൽ പോയിട്ടുണ്ട്
മാഷിന്റെ വീട്ടിൽ
ഭാര്യയുടെ മുഖം
ഭീമൻ ചിത്രങ്ങളായി
ചുവരിൽ വരച്ചിട്ടയാൾ.
അതിന് ചുവട്ടിൽ
കുഞ്ഞുങ്ങളുറങ്ങുന്നത് കണ്ടു നിന്നു.
ആ ചിത്രത്തിന്റെ
പാതി തുറന്ന ചുണ്ടിൽ
ചാരിയ സെറ്റിയിലിരുന്ന്
കുടുംബം റ്റി വി കണ്ടു.

ഈയിടെ പുതുക്കിയ എന്റെ വീടിനെ
ഞാൻ നോക്കി
അവളുടെ മുഖമാണോ.
തെക്ക് വശത്തെ ചെറിയ എടുപ്പ്
അവളുടെ മുടിക്കെട്ടോ.
അതിൻ ചുവട്ടിൽ പതിച്ച
നാല് പേരോ ഞങ്ങൾ.


Summary: Oru image malayalam poem by S kannan.


എസ്. കണ്ണൻ

ശ്രദ്ധേയനായ കവി, എഴുത്തുകാരൻ. കാറ്റിൽ ഞാൻ കടന്ന മുറികൾ, ഉടുപ്പ് കവിതാസമാഹാരങ്ങൾ

Comments