“നിന്റെ അവയവങ്ങളെ തുണ്ടുതുണ്ടാക്കി
ജനനേന്ദ്രിയത്തെ നുറുക്കി വാരിക്കൂട്ടി
തോരണം കെട്ടും’’ എന്നൊരു ചെറു സന്ദേശം.
ഒരു കവിയെക്കൊല്ലുന്നതു അത്ര എളുപ്പമല്ല.
ആയുധങ്ങളാൽ മുറിവേൽപ്പിക്കപ്പെടുമ്പോൾ
അവൾ ഒരു വെറും ഉടലല്ല,
ഒരായിരം പൂർവികരുടെ
അന്തരാത്മാവാണവൾ.
“നിന്നെ കൂട്ടബലാത്സംഗം ചെയ്തു
അത് വീഡിയോവിൽ പകർത്തി
പ്രദർശിപ്പിക്കും” എന്നൊരു മെയിൽ.
ഒരു കവിയെ ബലാത്സംഗം ചെയ്യൽ
വലിയ വെല്ലുവിളിയാണ്.
അവളുടെ യോനി ഏഴേഴു കടലുകളുടെ ഉറവയാണ്.
ലിംഗങ്ങൾ വെറും ചരൽക്കല്ലുകൾ.
“നിന്നെ ഒന്നാകെ കുടുംബത്തോടെ തീ കൊളുത്തും.
ഈ ചരാചരത്തിൽ എങ്ങും ജീവിക്കാൻ വിടില്ല.
നിന്റെ തല കൊയ്യുന്നവന് പാരിതോഷികം’’
എന്ന് പതിനായിരക്കണക്കിന് കൂക്കുവിളികൾ.
ഒരു കവിയുടെ തലയ്ക്കു വില പറയുക എന്നത്
ബുദ്ധിമുട്ടുള്ള കാര്യം.
അവളുടെ തല പത്തു ഭൂമികൾ.
അവയിൽ കലപ്പമുന കൊണ്ട് ഉഴുത പാതകളിലൂടെ
സഞ്ചരിക്കും അവളുടെ കുടുംബം.
അവളുടെ അക്ഷയപാത്രത്തിൽ
പെരുകുന്ന ഭക്ഷണം വെറും ഭക്ഷണം മാത്രമല്ല.
“ഒരേ നേരത്തിൽ പത്തു ജയിലുകളിൽ തള്ളാം.
എങ്കിലും നാടുകടക്കാൻ വിടരുത്” എന്ന് പലതരം
പരാതികൾ, കേസുകൾ.
ഒരു കവിയെ തടവിലിടുന്നത് കഠിനം.
കാലത്തെ ഒരു മുറിയിൽ അടച്ചു വെച്ചതിനു ശേഷം
ഏതു ഗ്രഹത്തിലാണ് ജീവൻ പൊട്ടിമുളയ്ക്കുക?