സഫീദ് ഇസ്മായിൽ

ഒരു കുടയും
കുഞ്ഞുപെങ്ങളും*

മാമിത്തള്ളേടെ മുഖമുള്ള,
മാസങ്ങളിൽ ക്രൂരയാം മാസം- കർക്കിടകം.
പെരുംവെള്ളത്തിൽ
ചങ്ങാടം തുഴഞ്ഞെത്തുന്ന
ഇരുട്ടും വിശപ്പും.

ഗ്രേസിയുടെ കുടയ്ക്കുമീതെ
അഹംഭാവത്തിന്റെ വെള്ളം ചിതറി;
മഴക്കാറ്റിൽ പതറിയൊരു ലില്ലിപ്പൂവും,
അപകർഷതയുടെ ആസിഡിൽ
നിശ്ശബ്ദമായി പൊള്ളുന്ന ബേബിയും.

ഗ്രേസിയുടെ നെറ്റിയിലെ ചോര
മഴവെള്ളത്തിലൊഴുകുമ്പോൾ
ബേബിയുടെ നെഞ്ചിൽ
പലിശപോലെ പെരുകി,
ഇരുട്ടുകുത്തിയ പോലീസ് പേടി!

“ചില്ലുകൈപ്പിടിയിൽ കുരുവിയുള്ള കുടയുമായ് ഞാൻ വരും...”
വാഗ്ദാനമല്ല അത്;
കരച്ചിലിന്റെ ഉള്ളിൽ നിന്നും
പുറത്തേക്കുള്ളൊരു വാതിൽ.

പിന്നെയും കർക്കിടകങ്ങളെത്ര
പെയ്തുതോർന്നു.

സ്റ്റെതസ്കോപ്പിന്റെ തണുത്ത
ഡയഫ്രത്തിനുകീഴെ
ഒരു പഴയ ഹൃദയം
ഇന്നും മിടക്കുന്നത്
ഡോക്ടർ ബേബി കേൾക്കുന്നു.

പണ്ട് മഴയത്തൊഴുകിയ
ചോരച്ചാലിലിന്ന്
രോഗശാന്തി ശിശ്രൂഷ നടത്തുന്ന
ദിവ്യമാം കരങ്ങൾ.

നീട്ടിയ പണം
അവൻ മടക്കുന്നു
പകരം
ഒരു കുട മാത്രം നേർച്ച ചോദിക്കുന്നു,
ദൈവതുല്യൻ!

മൂന്നുപേർ,
ബേബി, ലില്ലി, ഗ്രേസി
ഒരു കുട.
അതിനെ നാം “മംഗളം” എന്ന് വിളിക്കുന്നു
കാരണം,
അവസാനങ്ങൾ നന്നാകുന്നു എന്ന്
വിശ്വസിക്കാൻ എളുപ്പമാണ്.

പക്ഷേ,
കുട കാണുമ്പോൾ
ഇന്നും
ഒരു നെറ്റിത്തടം തുറക്കുന്ന ട്രോമ!
ചോര ഒഴുകുന്നു.
കൈകൾ വിറയ്ക്കുന്നു,
തലയ്ക്കുള്ളിൽ
പോലീസിൻ്റെ വിസിലടിപ്പെരുക്കം.

കഥാപുസ്തകം അടച്ചുവെക്കാം.

എന്നിട്ടും,
മാമിത്തള്ളേടെ മുഖമുള്ള
ആ ബി പി എൽ മഴ
ഇന്നും
നമ്മളിൽ എവിടെയോ
പെയ്തുകൊണ്ടേയിരിക്കുന്നു,
തോരാതെ...



*മുട്ടത്തുവർക്കിയുടെ 'ഒരു കുടയും കുഞ്ഞു പെങ്ങളും' എന്ന കൃതിയും കഥാപാത്രങ്ങളും.

Comments