കെ.സി. മഹേഷ്

ഒരു കുത്ത്

നിക്ക് വയസ്സായി
എന്തിനാ ഇപ്പം വയസ്സായിട്ടെന്ന് അവൾ
ചോദിച്ചു.
ഞാൻ മരിച്ചും പോകും
എന്തിനാ ഇപ്പം മരിച്ചിട്ടെന്ന് ചോദിച്ചില്ല
അവൾ.
എന്റെ അനിയൻ മരിച്ചു.
അടുത്ത ഒരു കൂട്ടുകാരനും.
വേദന ഒരുപാടാകുന്നു
സഞ്ജയ് സുബ്രഹ്മണ്യത്തെ കേൾക്കുമ്പോൾ
ഉന്മാദം വരുന്നു.

കൊടുംഭീതി പോലെ പ്രേമിച്ചു ഞാനവളെ
അവളത് കണ്ടുകൊണ്ട് കണ്ണുംപൂട്ടി.
നിർത്തിക്കോ നിന്റെ കവിതെഴുത്ത്
അവൾ ഒച്ചകൂട്ടി
വഴികളൊക്കെ പൂട്ടിയിട്ടു.

എനിക്ക് മടങ്ങണം
ഏതോ കാലത്തേക്ക്
മഞ്ഞപെയ്ത് മാഞ്ഞപോലെ
പ്രകൃതി,
മരണത്തോടെ പ്രപഞ്ചത്തെ കാണാതാകും.
മരിക്കുന്നതിന് തൊട്ടുമുമ്പ്
കടലാസിൽ ഒരു വട്ടം വരച്ച്
അതിൽ കുത്തിട്ട്
മരിച്ചു ഒരു കവി, കവാഫി.
ജോൺ എബ്രഹാം കെട്ടിടത്തിനുമുകളിൽനിന്ന്
വീണു മരിച്ചു.
വി.സി. ഹാരിസ് മാഷ് ഓട്ടോയിൽനിന്ന്
വീണു മരിച്ചു.
ആരും ഒന്നും അറിയാത്തതുപോലെ
നേരം പുലരാത്തതുപോലെ.

മരണത്തിന് ഒട്ടും സൗന്ദര്യമില്ല
കാത്തിരുന്നിട്ടും മരണം വരുന്നില്ല
കുറേ വഴികൾ
കുറേ ഒച്ചകൾ
എങ്ങോട്ടോ പോകും.

ഞരമ്പു മുറിച്ച്
മരണം വരിക്കാൻ
നാലു മണിക്കൂർ ബാക്കിയുണ്ടായിട്ടും
'അയ്യോ എനിക്ക് പറഞ്ഞറിയിക്കാനാവത്തത്ര ബോറടിക്കുന്നേ' എന്ന്
സെനക്ക.
ആ കാറ്റ് ഈ വഴി വരും
ഏകാന്തത കൊണ്ടുവരും
ആഴം കൂടിക്കൂടി വരും
ഒരു ശൂന്യത പുതയും
പൂർണ്ണവിരാമമാകും.

Comments