ഒരു മൃഗം മനുഷ്യനെ മെരുക്കുന്ന വിധം
വാസനകൾക്കു മീതെ പുളച്ചു
പൊന്തുന്ന
പുഴ കണക്കെ.
ഇരുകാലുകളെ നാൽമാംസ
തകിടിലേക്ക് ഒതുക്കി പരത്തി
അറുത്തു കൂട്ടുന്ന ഈച്ചയാർക്കുന്ന കരളിറച്ചിയെ
കണ്ണീരിൽ നിന്ന്
ചിരിയിലേക്ക്
പടർത്തി
ഞരമ്പിൻ കൂടു കണക്കെ
ആഞ്ഞു കുത്തി വീഴ്ത്തണം.
നിന്നകത്തി
വെളിപ്പെട്ടു പോകുന്നതെന്തും ഒരു കാൽ ഉയർത്തി
ഏതോ ദൈവത്തിനു
വിശപ്പാർക്കുന്നപോൽ
ഇട്ടു വയറൊഴിക്കണം.
മാന്യപ്പെടുന്ന
സ്ഥലകാലങ്ങളിലേക്കു
പാഞ്ഞെത്തി
വിരണ്ടു കൂടുന്ന
രണ്ടു കൊമ്പുകൾ
ഭൂതത്തിലേക്ക്
പാഞ്ഞുകേറുന്ന
നിഴൽ കണക്കെ.
മുരൾച്ച കൊണ്ട് കോറിയ
കവിതകൾക്കു
കുറുകെ ചൂരു കൊണ്ട്
വിവർത്തനങ്ങൾ.
സ്വയം വേവുന്ന
മാംസഭാവനകളിൽ
കുത്തിയെത്തുന്ന
ഒരുപാട് മൃഗമുണ്ടെന്നു
തൂകിയാടുന്ന കഴുത്തിൻ
കുരുക്കുകൾ അരിഞ്ഞെടുത്താലും
അളവ് മുറ്റാതെ.
എത്ര കെട്ടഴിച്ചു വിട്ടാലും
കുതറി തിരിച്ചെത്തുന്നത്
ഒരാലയിലേക്ക് മാത്രം.