പി.വി. സൂര്യഗായത്രി

ഒരു പെൻസിൽ വര

രിക്കൽ
നട്ടുച്ചയ്ക്ക്
വെറുതെയിരിക്കുമ്പോൾ
കറുകപ്പട്ടയുടെ മണവും
ഇലന്തപ്പഴങ്ങൾ പഴുത്തും വീഴുന്ന
വഴിയോടെനിക്ക് കടുപ്പത്തിൽ
പ്രേമം തോന്നി.

ഒരുപാട് നടക്കുമ്പോൾ
വെയിൽ
പതച്ചു പൊങ്ങുന്നു വഴിയാകെ
പിരിയാറാകുന്തോറും
അനന്തം.

പുറപ്പെട്ടയിടത്ത് ഒടുക്കം
ഒരേ നിൽപ്പ്.
നിലച്ച ഘടികാരം
ഉരുണ്ട ഭൂമി
കാത്തിരിപ്പിന്റെ ചാക്രികത.

ഓടുന്തോറും പടിഞ്ഞാറേക്ക്
നീണ്ട പകലിന്
ഉസൈൻബോൾട്ടിന്റെ നിഴൽ.
തിളച്ച കണ്ണിലതിന്റെ
പ്രതിബിംബിച്ച അഴക്.

അകലെ നിന്ന് ചെവിയിലേക്ക്
ഓരിക്കുറുക്കന്റെ
ശംഖൂത്ത്
ഒഴുകിവരും എക്കോ.

പിരിയാൻനേരം
പുണരാനാഞ്ഞപ്പോൾ
കൊഴിഞ്ഞുപോയി വെളിച്ചം
പരസ്പരം തപ്പിയകന്നു
ഇരുട്ടിൽ.

തിരഞ്ഞ് തിരഞ്ഞ്
നരച്ച കാലങ്ങൾ കടന്നു.
ചുവരിൽ മരിച്ച കോലങ്ങളുടെ
തൂങ്ങിക്കിടന്ന ചട്ടയിളകി.
അടുപ്പിലവ
നീറുമൊരു വെറും ചാരം.

ചുഴിൽപ്പെട്ട്
ചുറഞ്ഞു,
പിരിയുന്തോറും
അനന്തമീ പെരുവഴി.

അതിനറ്റമെന്ന് തോന്നിക്കും
നേര്യത് ചുറ്റി കല്ലിന്മേൽ
പുറം തിരിഞ്ഞുനിന്ന്
നരച്ച മുടി
രണ്ടായി പകുത്ത് മുന്നോട്ടിട്ട്
ചീകിയൊതുക്കുന്നു മുത്തശ്ശി,
കറുത്തവാവിലെ
പകൽസ്വപ്നത്തിൽ.

പകലുറക്കം നീണ്ട്
സന്ധ്യ കഴിഞ്ഞപ്പോൾ
വഴിക്കിരുപുറവും
ഇരുളും നിലാവെളിച്ചവും.

ഒരുപാട് നടക്കാറുള്ള
നിലാവ് നുരച്ചുപൊങ്ങും വഴി
മൺമറയുന്നു,
അനന്തരം നമ്മൾ
പിരിയാറാകുന്തോറും.

അവിശ്വസനീയമെന്ന്
നിങ്ങൾ കരുതുമെങ്കിലും
മുത്തശ്ശിയുടെ
വെയിലത്തുണക്കിയ നേര്യതിന്റെ
മണമുള്ള കാറ്റേറ്റ്
കറുത്തവാവൊഴിയുന്നു.

മുത്തശ്ശി
മുടി രണ്ടായി പകുത്തതിൻ
താവഴിക്ക് മധ്യേ
ഞാൻ നിൽക്കുമ്പോൾ
രാത്രിയിൽ ഇരുവശങ്ങളിലായ്
ഇടതൂർന്ന് കൊഴിഞ്ഞ്
ഭൂമിക്കളത്തിൽ ചുവടുവയ്ക്കുന്നു
നരച്ചതും കറുത്തതുമായ
മുടിപ്പേച്ച്.

Comments