നഗരരാത്രിയിലലിഞ്ഞലിഞ്ഞതാ മഴ വരുന്നു,
കൊലമഴ വരുന്നു.
അടച്ച ജാലകചില്ല് പൊട്ടിച്ച്
മുറിക്കകത്ത് വീഴുന്നു
മിന്നൽവെളിച്ചപ്പേടികൾ
ഇടിമുഴക്കത്തിന്നുരുൾ പൊട്ടലിൽ
ചിതറിപ്പോകുന്നു ടീവിയും ഫോണും
ഇരുടടച്ചുള്ള മഴയിൽ ഫ്ലാറ്റിലെ
ലിഫ്റ്റിലേറിവരുന്നൂ, പ്രളയം
നടുപിളർന്നൊരു കപ്പലുപോലെ.
നഗരം മുങ്ങുന്നു മഴക്കടലിൽ
ഒഴുക്കിൽ പെട്ടൊരാൾ
നിലവിളക്കും പോലെ
കയ്യുയർത്തി നിൽക്കുന്നു
ലോഹട്ടവറുകൾ.
കറന്റ് കിട്ടാതെ ചത്തു മോഡം
ടാങ്കിൽ കയറുവാനാകാതെ
നിൽക്കുന്നു വെള്ളം.
ഫ്ലഷ് ചെയ്യുവാനാകാതെ ക്ലോസെറ്റിൽ
കെട്ടി നിൽക്കുന്നു ദുർഗന്ധം.
ഇല്ല ലാൽറ്റനും മെഴുതിരിയും
ഫ്ലാറ്റിലായതിൽ പിന്നെ
കണ്ടതില്ല മണ്ണെണ്ണയും
വിറകിൻ വെളിച്ചവും.
വീട്ടിൽ നിന്ന് ചെയ്ത ജോലി
മെയിൽ ചെയ്ത് കൊടുക്കുവാൻ
വൈകിയതിൻ പേരിലെന്റെ
ഇൻസെന്റീവ് പോയി, കൂടെ
തരാമെന്ന് ഉറപ്പിച്ചോരിൻക്രിമെൻറ്റും.
എന്തുവേണമതുകൊണ്ടുതന്ന
ഡെലിവറി ബ്രോ,
വെള്ളം കേറി ഞങ്ങളൊക്കെ
ശ്വാസം മുട്ടി ചാകുംമുമ്പ് നീ വരുമോ,
അവളുടെ ബർത്ത്ഡേക്ക്
കൊടുക്കുവാൻ ഓർഡർ ചെയ്ത
കൊലുസ്സും കമ്മലുമായ് നീവരുമോ?
ഇല്ലെങ്കിലെൻ ഇൻസെന്റീവ്
പോയപോലെ അവളും പോകും
പിന്നെ പ്രളയജലത്തിൽ ഞാൻ
ഒഴുകിപ്പോകും...
