ഒറ്റപ്പെട്ടവരുടെ മുൻപിൽ ഒരു കടലിരമ്പുന്നുണ്ട്…
സൂര്യചന്ദ്രൻമാർ തൊടാത്ത
കാറ്റും പൂവും മണക്കാത്ത
ചോര മണം പേറുന്നൊരു ചീഞ്ഞ കടൽ.
അലറുമലമാലയുടെ ചെന്നിക്കുത്തിൽ
അകം പിളർന്നൊരു മദനീര് ...
ഒറ്റപ്പെട്ടവരുടെയുള്ളിൽ
ഒരു കാറ്റടിക്കുന്നുണ്ട്.
കാശ്മീരം തൊട്ട് വരുമ്പോഴും,
തീച്ചുഴിയാഴം,
കൊണ്ടുള്ളം കുത്തി -
പകലിനെ, ഹിമക്കട്ടയാക്കി
പനിമതിയെ,
ചുട്ടുപൊള്ളിക്കുന്ന മരുക്കാറ്റ് ....
ഒറ്റപ്പെട്ടവരുടെ നെഞ്ചിൽ
ഒരു ആകാശം വിരിയുന്നുണ്ട്.
പ്രിസത്തിലെന്നപോൽ, ഏഴ് വർണങ്ങളും
ഒറ്റയടിക്ക് വെള്ളപൂശി
വെളുത്തു പോയ
ഒരു കടലാസ്...
ഒറ്റപ്പെട്ടവരുടെ തൊണ്ടക്കുഴിയിൽ
ഒരു നീർക്കെട്ട് കനക്കുന്നുണ്ടാവും.
നേരിന്റെ കാരമുള്ള് തറച്ച്
കെട്ട നീതിയോട്
കുരച്ചും കിതച്ചും
കയ്ച്ച് ചവർക്കുന്ന
എരിവുള്ളൊരു നീർക്കെട്ട്...
ഒറ്റപ്പെട്ടവർക്ക് മാത്രമായി
ഒരു യാത്രയുണ്ട്.
ആൾക്കൂട്ടത്തിൽ ലയിച്ച്
ആൾക്കൂട്ടത്തിൽ തനിച്ച്
ആളും താനും ഒന്നാവുന്ന
ഒന്നുമല്ലാതാവുന്ന
ഒരു ഏകാന്ത സഞ്ചാരം.
ഒറ്റപ്പെട്ടവരുടെ കഥകൾ, ആരും കേൾക്കാറില്ല
ഒറ്റയാളിൻ ഗന്ധം തിരിച്ചറിയാറില്ല
ഒറ്റപ്പെട്ടവരുടെ കണ്ണുകൾ
അടഞ്ഞ ലോകത്തേക്ക് തുറക്കുന്ന
രണ്ട് നാസാരന്ധ്രങ്ങളാണ്
അല്ലല്ല,
തുറന്ന ലോകത്തിന്റെ ഇരുട്ട് കാണുന്ന
കൂർത്ത രണ്ട് കുപ്പിച്ചില്ലുകൾ.