റ്റയ്ക്കൊരുവൾ 
ഒരു വീടാകുന്നു.

മഴയായും 
മഞ്ഞായും
വെയിലായും
ചോർന്നൊലിക്കുന്ന വീട്.

അകത്തേക്ക് കയറുന്നവന്
മുഴുവനായി അകപ്പെടണം എന്നാണ്.
പുറത്തേക്ക് ഇറങ്ങുന്നവന്
മുഴുവനായി പുറപ്പെടണം
എന്നും.

ഇടയ്ക്കുള്ള 
വാതിലായും
വായായും
അവൾ.

പങ്കുവച്ചും
കണ്ണുകെട്ടിയും
ഭഗവതിയെന്നും
ഭഗമാത്രവതിയെന്നും
പദഹസിച്ചും
കഥയിലും 
കരയിലും
അവൾ.

ഒറ്റയ്ക്കൊരുവൾ
ഒരു മരമാകുന്നു.
തണലായും തടിയായും
പൂവായും തേനായും
മണ്ണിലുറയുന്ന മരം.

ചേക്കേറുന്നവന്
ഉടൽ ചേർക്കണമെന്നാണ്
ഉടൻ പറക്കണമെന്നാണ്
കൂടണയണമെന്നും
കടയറുക്കണമെന്നും.
കൊമ്പായും
കൊമ്പമരും തരുവായും
അവൾ.

ഒറ്റയ്ക്കൊരുവൾ
ഒറ്റയ്ക്കാണ്.

നിറയുന്നവന് ഉണ്മയായും
പിരിയുന്നവന് പ്രാണനായും
ആരുമില്ലാത്ത
ഒരുവൾ.


ഡോ. ശിവപ്രസാദ് പി.

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ അസി. പ്രൊഫസർ- സാഹിത്യപഠനം. ഓർമ്മച്ചാവ്, ദിവ്യഗർഭങ്ങൾ ഉണ്ടാകുന്നവിധം, തലക്കെട്ടില്ലാത്ത കവിതകൾ, പദപ്രശ്നങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments