സച്ചിദാനന്ദൻ / ഫോട്ടോ: മുഹമ്മദ്. എ.

മുന്നിൽ ഓടിയത് കുന്നുകളാണ്
പിന്നാലേ കാടുകൾ
പിന്നെ പുഴകൾ

എങ്ങോട്ടാണ് ഇത്ര ധൃതിയിൽ,
ഞാൻ ഒരു കുന്നിനോട് ചോദിച്ചു.
അതു പിന്നിലേക്ക് ചൂണ്ടിക്കാട്ടി,
കാമാർത്തൻ എന്ന് തോന്നിക്കുന്ന
ഒരു മനുഷ്യൻ.
‘‘കേട്ടിട്ടില്ലേ, പർവ്വതങ്ങളെ നീക്കം ചെയ്ത
വിഡ്ഢിയായ വൃദ്ധന്റെ കഥ?
അത് ഒരു രൂപകം ആണെന്നാണ്
ഞങ്ങൾ കേട്ടിരുന്നത്.
പക്ഷെ, എല്ലാ രൂപകങ്ങളും
ഒരു ദിവസം വസ്തുക്കളോ
മനുഷ്യരോ ആകും,'' കുന്നു കിതച്ചു,
‘‘ഇന്ന് കുന്നുകളെ നീക്കം ചെയ്യാൻ കിളയ്‌ക്കെണ്ടാ,
തുരന്നു വെടിമരുന്നു വെച്ചാൽ മതി.''

‘‘അപ്പോൾ നീ?'' ഞാൻ
കാടിനോട് ചോദിച്ചു
‘‘ഞാൻ ചില പാവപ്പെട്ട മനുഷ്യർക്ക്
അഭയം നൽകി. അവർ എന്നെ
സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു.
എന്നെ വേദനിപ്പിക്കാതെ
ആവശ്യത്തിന്നുള്ളത് മാത്രം എടുത്തു.
എന്റെ പിറകേ പട്ടാളമുണ്ട്, തോക്കുകളുമായി.
കാട് നിറയെ ഖനികളാണത്രേ!''

‘‘അപ്പോൾ പുഴകൾ?''

‘‘പുഴയ്ക്കടിയിൽ സ്വർണമാണെന്ന് അവർ.
അതിന്റെ തിളക്കം തീരത്തും കണ്ടു അവർ.
ആദ്യം ഞങ്ങൾ താപം കൊണ്ടു വറ്റി
പിന്നെ കോപം കൊണ്ടു പൊങ്ങി
അവർ വണ്ടികളുമായി
ഞങ്ങളുടെ പിറകെയുണ്ട്
ഞങ്ങൾ മറ്റൊരു നാടു തേടി പോവുകയാണ്'',
പുഴകളിൽ ഒരുവൾ പറഞ്ഞു.

ഞാൻ കുന്നായും കാടായും
പുഴയായും ജീവിച്ചു.
ഭയം എന്നെ ചൂഴ്​ന്നു.
ആരോ ‘വേഗം, വേഗം'
എന്ന് പറയുന്നുണ്ടായിരുന്നു.

ഭൂമി തിളയ്ക്കുകയായിരുന്നു.

ഭൂമി തിളയ്ക്കുകയായിരുന്നു.
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം


കെ. സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments