നാക്ക് പറഞ്ഞത്…
ഞങ്ങൾ ചുകപ്പിനെയും
ചോരയെയും ധ്യാനിക്കുന്നവർ.
മൂകഭാഷയിൽ ജന്മനക്ഷത്രത്തെ
പഴി പറയുന്നവർ.
ഓരോ കൊലപാതകങ്ങളും
പുതിയതാണ്
ഓരോ ചുവടും.
ചോര പൊടിയും മുൻപ്
എന്റെ ഹൃദയം
വിദൂരങ്ങളിൽ മിടിച്ചുകൊണ്ടിരിക്കുന്നു.
നൂൽഞരമ്പുകളാൽ നെയ്തെടുത്ത
ചോര ചുവപ്പിന്റെ പുതുവസ്ത്രം.
പാതി ഉടലിന്റെ നിശ്വാസങ്ങളാൽ
ഞാൻ തീർത്ത
എന്റെ സ്മാരകശിൽപം.
സ്വയം എരിഞ്ഞുവെയ്ക്കുന്ന ചുവടുകൾക്ക്
താളമന്വേഷിക്കുന്നവർ.
സ്വത്വത്തെ കൈവെടിഞ്ഞ്
നിഴൽരൂപങ്ങളിലേക്ക് ചുവടുവയ്ക്കുമ്പോൾ
സംവേദിക്കാനായി മരണത്തെ ഭാഷയാക്കിയവർ.
വെട്ടം മുഖത്തോടടുപ്പിക്കുമ്പോൾ
കൺപോളകൾക്ക് പുറകിലെ
നീർവറ്റിയ തടാകങ്ങൾ കാണാം.
ഒലിച്ചും അഴുകിയും പടർന്നും
മേഘങ്ങൾ കടലോളങ്ങൾക്കുമേൽ
പടർന്നൊഴുകി.
കടലിന്റെ പരന്നുപടർന്ന മൈതാനത്ത്
ആഴമളക്കാൻ പോയവരുടെ
നിലച്ച ശബ്ദങ്ങൾ
നീർക്കുമിളകളാൽ പൊട്ടിപ്പതറി.
കറുത്തു കനത്ത രാത്രിയിൽ
എന്റെ കുടലുകൾ
പുറ്റ്മണ്ണിൽ
ഇണചേർന്നു മയങ്ങി.
പിളർന്ന ചങ്കിൽ നിന്നും
മണ്ണു ചവക്കുന്ന ശബ്ദം.
നിങ്ങൾക്ക്
കേൾക്കാൻ പറ്റാത്തത്ര ഉച്ചത്തിൽ
അലറുകയും
സ്വന്തം ദാഹത്തിനായി
ഇരക്കുകയും ചെയ്യുന്നു
സ്വത്വം പിളർന്ന്
രണ്ടായി പിരിഞ്ഞ ഉടലുകൾ.
