രാജൻ സി.എച്ച്​.

​ഒഴിഞ്ഞ മുറി

ല്ലാവരുമൊഴിഞ്ഞ
മുറിയിലിരിക്കും
ഞാൻ.
ചുറ്റുമെല്ലാവരുമുള്ളതു പോലെ.

എല്ലാവരുമിരിക്കുന്ന
മുറിയിലിരിക്കും
ഞാൻ
ചുറ്റുമുള്ളവർക്കിടയിൽ
ഞാനില്ലാത്തതു പോലെ.

ഞാനീ കവിത
എന്റെ സുഹൃത്തിനയച്ചു കൊടുത്തു.
നീയെന്നാണ് മരിച്ചത്
എന്നവനെന്നോട് ചോദിച്ചു.

എന്നോ മരിച്ചൊരാളിരിക്കും മുറിയിൽ
ഞാൻ.
ചുറ്റുമെല്ലാരുമുള്ളതു പോലെ.

എല്ലാവരും മരിച്ചൊരു
മുറിയിലിരിക്കും
ഞാൻ.
ചുറ്റുമുള്ളവർക്കിടയിൽ
അയാളായതു പോലെ.

ഞാനീ കവിത
എന്റെ കാമുകിക്ക്
വായിച്ചു കൊടുത്തു.
നീ മരിച്ചു കഴിഞ്ഞതില്പിന്നെ
നിന്നെയെന്നും കാണുമായിരുന്നു.
എന്നാലീ കവിതയിൽ
നീയില്ലല്ലോ.
അവൾ കരഞ്ഞു.

എനിക്ക്
ഒഴിഞ്ഞ മുറികൾ പേടിയായി.
അതെല്ലാം എന്റെ മുറികളായി.
അവയിലൊക്കെയും
ഞാനിരിപ്പുണ്ടാവും
ഒറ്റയ്ക്ക്.

മരിച്ചു കഴിഞ്ഞാൽ
നിനക്കെവിടെയിരിക്കാനാണ് ഇഷ്ട,മെന്ന്
എന്റെ സുഹൃത്ത് ചോദിക്കുന്നു.
ഞാനില്ലാതെയൊഴിഞ്ഞ
എന്റെ മുറിയിലെന്ന്
അവന്റെ തോളിൽ ഒരു കാറ്റ്
തലോടുകയാവും.

എന്റെ ഹൃദയത്തിലാണ് നീ,യെന്ന്
കാമുകി വിവശയാവുന്നു.
അവിടെയുമൊരൊഴിഞ്ഞ
അറ കാണും.
ഞാനിരിക്കുന്നെന്നു
നീ കരുതുമൊരൊഴിഞ്ഞ അറ.

എനിക്കിപ്പോളറിയാം,
ഞാൻ പറഞ്ഞാലുമില്ലെങ്കിലും
നിങ്ങൾക്കും:
ഒരൊഴിഞ്ഞ മുറിയും
ഒഴിഞ്ഞ മുറിയല്ല.
ആരുമില്ലെങ്കിലും
ആരെങ്കിലുമെപ്പോഴുമുള്ള
ആരുമൊഴിയാത്ത
ഒഴിഞ്ഞ മുറി.​▮


രാജൻ സി.എച്ച്.

കവി. വിപരീതം, മറന്നുവെച്ചവ, പാഴ്​നിഴൽക്കൂത്ത്​, സമവാക്യം, അവൾ ഇവൾ മറ്റവൾ, ഒറ്റച്ചിലപ്പ്​ (കവിതാ സമാഹാരങ്ങൾ), കള്ളനമ്മാവൻ (കുട്ടികൾക്കുള്ള കവിത സമാഹാരം) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments