പി.എ. നാസിമുദ്ദീൻ

കൊറോണമനുഷ്യവംശത്തോട്

യുദ്ധങ്ങൾക്കോ
പ്രവാചകർക്കോ
കഴിയാത്ത വിധത്തിൽ
ഞാൻ ചരിത്രത്തെ
മാറ്റിയെഴുതുന്നു

രാജാധിരാജരെ
യാചകരാക്കുന്നു

യാചകർക്ക്
സൂക്ഷിപ്പു ഭവനങ്ങൾ നൽകി
അവരുടെ വില കൂട്ടുന്നു

എന്നെ പ്രതി
നിശാ കർഫ്യൂകൾ
അടിയന്തരാവസ്ഥകൾ

നിദ്രയിലാഴ്ന്ന
വിമാനങ്ങൾ
കപ്പലുകൾ
തീവണ്ടികൾ

കാലത്തിനു
ബോധഷയം
വന്നപോലെ

മരണ ദൂതരെപോലെ
എങ്ങും
മാസ്‌കണിഞ്ഞവർ

തക്ഷകനെ ഭയന്ന
പരീക്ഷിത്തിനെ പോലെ, നിങ്ങൾ
സ്വയം തടവറകൾ തീർക്കുന്നു
അന്നത്തിലോ
മൊബൈലിലോ,
അദൃശ്യമായ് വന്ന്
കുടത്തിൽ നിന്ന്
ഉയിർക്കുന്ന ഭൂതം പോലെ
ആകാശം മുട്ടെ വളർന്ന്
ഞാനട്ടഹസിക്കുന്നു

നിങ്ങൾ ഈ ലോകത്തെ ചെറിയ സ്‌ക്രീനിലൊതുക്കി
അകലങ്ങളെ അടുപ്പിക്കുമ്പോൾ
ഞാൻ അടുപ്പങ്ങളെ അകത്തുന്നു.

അമ്മ പൈതലിൽ നിന്ന്
അച്ഛൻ മക്കളിൽ നിന്ന്
കാമുകൻ കാമുകിയിൽ നിന്ന്
അകന്നുപോകുന്നു

ടി.വി.യിൽ
സാമ്രാജ്യധിപതി
യഹോവയെപോലെ
പ്രത്യക്ഷപ്പെടുമ്പോൾ
അറിയാതെ തുമ്മുന്നു

പെട്ടെന്ന്
റിലേകളും
ഫ്ളാഷ് ലൈറ്റുകളും
അണയുന്നു
ഞാൻ നുഴഞ്ഞു കേറിയ
ഓരോ അണുവും
സൂക്ഷ്മഗ്രാഹിയാൽ
പരിശോധിക്കുന്നു
നിങ്ങളുടെ ഹുങ്കിനെ മാത്രം
പരിശോധിക്കാതെ

ലോകം ഇതുവരെ
പല പല ചേഷ്ടകളിലായിരുന്നു
കൈകൂപ്പിയും കുരിശു വരച്ചും
കൈ മലർത്തിയും മുഷ്ടി ചുരുട്ടിയും
മനുഷ്യർ പലതായ് തിരിഞ്ഞു.

ഇതാ ഞാൻ നിങ്ങളെ
ഒന്നാക്കിക്കൊണ്ട്
ഒരു പുതിയ ചേഷ്ട
സമ്മാനിക്കുന്നു
പ്രകൃതിയെ പാതകം ചെയ്ത
നിങ്ങളേവരും
കൈകഴുകിക്കൊണ്ടേയിരിക്കുക.


പി.എ. നാസിമുദ്ദീൻ

കവി. ദൈവവും കളിപ്പന്തും, വൈകുന്നേരം ഭൂമി പറഞ്ഞത്എന്നീ കവിതാസമാഹാരങ്ങൾ

Comments