പി.എൻ. ഗോപീകൃഷ്ണൻ

​2021 ഏപ്രിൽ 20ന് ജോസ് ചിറമ്മൽ​കെ.കെ. രാജനെ കണ്ടുമുട്ടിയപ്പോൾ

ടിക്കറ്റുകൾ
മുഴുവൻ തീർന്നിരുന്നു.
ടി.വി. ക്യാമറകൾ
മൈതാനത്തിന് ചുറ്റും
നിരന്നിരുന്നു.
റഫറിമാർ തയ്യാറായിരുന്നു.
വാതുവെയ്പുകാർ
നിരവധി സൈറ്റുകൾ
തുറന്നിട്ടിരുന്നു.
കമന്റേറ്റർമാർ സ്ഥിതിവിവരക്കണക്കുകൾ
വിതരണം ചെയ്തു തുടങ്ങിയിരുന്നു.

ഓരോ കളിക്കാരനും
മൈതാനത്തേയ്ക്കിറങ്ങുമ്പോൾ
ആർപ്പുവിളി ആകാശം പിളർന്നിരുന്നു.

പന്ത് മാത്രം
ഉണ്ടായിരുന്നില്ല.

ഇല്ലാത്ത പന്തിനെ
തല കൊണ്ട് ചെത്തിയിട്ട്
ഒരുവൻ വായുവിൽ കരണം മറിയുന്നു.
ഇല്ലാത്ത പന്തിനെ
കുത്തിയകറ്റി
ഗോളി കൈയ്യടി വാങ്ങുന്നു.
ഇല്ലാത്ത പന്തുകൊണ്ട്
ഒരാൾ
എതിർടീമിലെ ആറു പേരെ
കബളിപ്പിച്ച്
പാഞ്ഞു പോകുന്നു.

ഇങ്ങനെയാണ്
അരങ്ങുകൾ ഉണ്ടാകുന്നത്,
ശവക്കുഴിയിൽ നിന്ന് തിരിച്ചുവന്ന്
ജോസ് ചിറമ്മൽ പറഞ്ഞു.

തീയ്യില്ലാതെ
പാചകം ചെയ്താൽ
അടുക്കള അരങ്ങായി.

ഭക്ഷണമില്ലാതെ
തിന്നാൻ കഴിഞ്ഞാൽ
ഹോട്ടൽ അരങ്ങായി.

കീബോർഡില്ലാതെ
ടൈപ്പ് ചെയ്താൽ
ഓഫീസ് അരങ്ങായി.

നെറ്റില്ലാതെ
വാട്സാപ്പ് അയച്ചാൽ
മൊബൈൽ അരങ്ങായി.

പക്ഷെ, രാജാ,
കെ.കെ. രാജനെ നോക്കി
ചിറമ്മൽ പറഞ്ഞു,

അവസാന അങ്കം
സംവിധാനം ചെയ്യുന്നത്
എപ്പോഴും
കരുണയില്ലാത്ത വിഡ്ഢികളായിരിക്കും.

ഓക്സിജൻ വലിച്ചെടുത്ത് കളഞ്ഞ്
അയാൾ
കുഴഞ്ഞു വീഴുന്ന
ഉടലിനെ അരങ്ങാക്കും.

എന്നിട്ട്
ചോര പറ്റാത്ത കൈകൾ
ഉയർത്തിക്കാണിക്കുമ്പോൾ
ജനങ്ങൾ
ഗ്യാലറിയിലിരുന്ന്
ആർപ്പു വിളിക്കും
​▮

ജോസ് ചിറമ്മൽ (1953- 2006): മലയാള നാടകവേദിയെ അടിമുടി മാറ്റിപ്പണിഞ്ഞ സംവിധായകൻ കെ.കെ. രാജൻ: ജോസ് ചിറമ്മലിന്റെ കളരിയിൽ തുടങ്ങിയ നടനും സംവിധായകനും . ഭോപ്പാൽ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ ആയിരുന്നു. 2021 ഏപ്രിൽ 20ന് കോവിഡാനന്തര അസുഖം മൂലം അന്തരിച്ചു.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments