പി. രാമൻ

തുറന്ന കത്ത്, സുഹൃദ്കവിക്ക്

പൂണുനൂൽ വെളിക്കു കാട്ടി
ജാതിവാൽ നിവർത്തി
‘കൊല്ലവരെ' യെന്നു ചൂണ്ടി
ജാതിയിന്ത്യ നിൽപൂ.

ജാതി തന്നെ നീതി, ജാതി
മാത്രമേ നിയമം
ജാതി തന്നെ മനുഷ്യനെ -
ക്കാട്ടുമടയാളം

പിന്നിൽ ഞാൻ കുടഞ്ഞെറിഞ്ഞു
പോന്ന ജാതിജീവിതം
എൻ മുതുകത്താഞ്ഞു ചവി-
ട്ടാതൊഴിഞ്ഞു മാറി,

അന്യജാതിക്കാരിയെന്നു
മറ്റുള്ളോർ പറയും
എന്റെ പെണ്ണിനൊപ്പമൊലി-
ച്ചിത്ര ദൂരം പോന്ന്

ആ നനവിൽ, ജാതിമത -
ത്തീ കരിച്ചിടാതെ
മക്കളെ വളർത്തി വി -
ട്ടയച്ചു ലോകത്തേക്ക്.

വീട്ടുകിണർ തൊട്ടിടല്ലേ
ചെ,ന്നയിത്തക്കാരി,
അമ്മയന്നു ചൊന്നതിന്നു -
മോർമ്മയിൽ മുഴങ്ങും.

പൊള്ളിയിട്ടും തീയു തന്നെ
താണ്ടി വന്നതാണ്
ചൂടു തണുക്കാൻ കവിത
വീശിപ്പോന്നതാണ്.

ഇത്തിരിപ്പൊടിപ്പുമാത്ര -
മെൻ കവിത,യെന്നാൽ
ജാത്യധികാരം നുരയും
വാക്കതിലേതുണ്ട്?

എന്നൊടൊപ്പം കൺ തുറന്ന
ജൈവലോകം കാണാ-
മെന്റെ വാക്കിൽ, നിന്നുലകം
നിന്റെ വാക്കിൽ പോലെ.

ജാതിയെത്തുരത്തുമെന്റെ
ചെയ്തികളാൽ തന്നെ
ഞാനുയിർത്തെടുത്തതാണെൻ
പ്രാണനും മനസ്സും.

എൻ ഉറച്ച ബോധ്യമാണെൻ
ജീവിതം സുഹൃത്തേ,
വാട്ടുകില്ലതിനെ താങ്ക-
ളിട്ടു തരും പൂണൂൽ.

എങ്കിലുമിടയ്ക്കു ചില -
രെന്നരികിൽ വന്ന്
കൈ പിടിച്ചു തൂക്കുകയ-
റെൻ കഴുത്തിൽ ചാർത്തും.

നാടു കട്ടു തിന്നവന്റെ
മേൽ ചെരിപ്പുമാല
പോലെയെൻ കഴുത്തിലൂടെ
പൂണുനൂലിറക്കും.

ആരിവർ? ഇവർക്കിടയിൽ
താങ്കളെയും കാണ്മൂ,
പൂണുനൂൽ ചൂണ്ടിച്ചിരിച്ചു
കയ്യടിച്ചാർക്കുന്നു.

താങ്കളുമാ ജാതിരാജ്യ-
ച്ചൂടറിഞ്ഞതല്ലേ
നമ്മൾ രണ്ടുമതിൻ തീയിൽ -
ച്ചാര, മറിയില്ലേ?

എന്നെയിങ്ങനെപ്പിടിച്ചു
പൂണുനൂലിടീച്ചാൽ
തന്നെയേ തെളികയുള്ളൂ
താങ്കൾ തൻ കവിത്വം?

താങ്കളുടെ കവിത തൻ
ശാദ്വലപ്പരപ്പി -
ന്നെന്റെ കണ്ണീർച്ചോര വേണ്ടാ
പൊന്തുവാൻ, തഴയ്ക്കാൻ.

ചുട്ടുനീറുമെന്റെ പുണ്ണ്
വീശിത്തണുപ്പിക്കാൻ
മാത്രമെൻ കവിത, യതും
പറ്റുകില്ലെന്നാണോ?

തറ്റുടുത്തു പൂണൂലിട്ടു
നിൽക്കുമൊരാൾ വേണം
എപ്പൊഴുമെതിരിൽ താങ്കൾ-
ക്കെന്നു ഞാനറിവൂ.

ഞാനതിന്നു പറ്റിയൊരു
വിഗ്രഹമല്ലെന്റെ
ജീവിതവഴികൾ താങ്കൾ
കണ്ടറിഞ്ഞതല്ലേ?

നാലുപുറത്തേക്കുമൊന്നു
കണ്ണയച്ചു നോക്കൂ
ജാതിഭാരതം മുഴുവ-
നങ്ങനെ നിൽക്കുന്നു.

പൂണുനൂൽ വെളിക്കു കാട്ടി
ജാതിവാളുയർത്തി
"കൊല്ലവരെ' യെന്നു ചൂണ്ടി-
യട്ടഹസിച്ചാർക്കേ,

ജീവിതത്തിൽ നിന്നു ഞാൻ
കുടഞ്ഞെറിഞ്ഞതെല്ലാം
വീണ്ടുമെന്റെ തോളിലിട്ടു
വീഴ്ത്തുവാൻ നോക്കാതെ,

നിന്റെ നേരെ,യെന്റെ നേരെ
നമ്മളുടെ നേരെ
പാഞ്ഞടുക്കും തിന്മയെ നാ-
മൊത്തു നേരിടേണ്ടേ?


പി. രാമൻ

കവി. അധ്യാപകൻ. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, പിന്നിലേക്കു വീശുന്ന കാറ്റ്, ഇരട്ടവാലൻ എന്നീ കവിതാ സമാഹാരങ്ങളും മായപ്പൊന്ന് (ജയമോഹന്റെ തമിഴ് കഥകളുടെ മലയാള പരിഭാഷ) എന്ന വിവർത്തന കൃതിയും രചിച്ചിട്ടുണ്ട്.

Comments