ജനനേന്ദ്രിയ വൃക്ഷം

ഞാനും അവളും
പാർക്കിലിരുന്ന്
ചുംബിക്കുകയായിരുന്നു

ടോംകേതു
എന്നു പേരായ
മാരകക്രിയ ചെയ്യുന്ന
കോട്ടും ടൈയും അണിഞ്ഞവൻ
അടുത്ത ബെഞ്ചിലിരുന്ന്
ഞങ്ങളെ ഒളിഞ്ഞുനോക്കി

അശ്രീകരം !
ഇവർ ജനനേന്ദ്രിയ വൃക്ഷമായ് തീരട്ടെ

ഞങ്ങൾ
പാർക്കിൽ
ലിംഗവും യോനിയും
കായ്ച്ചു കിടക്കുന്ന
ഒരു വൃക്ഷമായ് വിരിഞ്ഞു

ആഭിചാരകന് പാശ്ചാത്താപമായി
അയാൾ മന്ത്രമോതി പ്രതിവചിച്ചു

പാപം ചെയ്യാത്ത
ഒരുവൻ
എറിയുന്ന കല്ലുകൊണ്ട്
ഇവർക്ക് ശാപമോക്ഷം കിട്ടട്ടെ

പാർക്കിൽ വരുന്നവർ
ഞങ്ങളെ നോക്കി
ബീഭത്സതയോടെ ചിരിച്ചു
കുഞ്ഞുങ്ങൾ കാണാതിരിക്കാൻ
വീട്ടമ്മമാർ പണിപ്പെട്ടു

ഒരു ദിവസം
പത്രം വിളിച്ചു പറയുന്നവനെ ചൂണ്ടി
അവൾ പറഞ്ഞു

രഹ്നാഫാത്തിമ
പശുപാലൻ

പിന്നെ
ഗേ പീഡനം
ലെസ്ബിയൻ
പീഡനം
അവരെയൊക്കെ
നാട്ടിൽ നിന്നും ഓടിക്കുമ്പോൾ
ഏതെങ്കിലും
പാപം ചെയ്യാത്തവൻ
എറിയുന്ന കല്ലുകൊണ്ട്
നമ്മൾ രക്ഷപ്പെട്ടാലോ

എനിക്ക് ചിരി പൊട്ടി

ലിംഗങ്ങളും യോനികളും ആടിയുലഞ്ഞു

പെട്ടെന്ന്
തെരുവിൽ ബഹളമുയർന്നു
പിടിക്കൂ അവരെയെന്നു
ആർത്തു വിളിച്ച്
ആർക്കോ പിന്നാലെ
ആൾക്കൂട്ടം പാഞ്ഞുവന്നു
മരത്തിന്മേൽ
ഒരു കല്ല് വന്നു പതിച്ചു
ഞങ്ങൾ മനുഷ്യരായി

ഞാൻ ഓടിപ്പോയി
കല്ലെറിഞ്ഞവനെ ചുംബിച്ചു
മുത്തേ
താങ്കളുടെ പേര് ? ദേശം?

ഞാൻ ഗന്ധർവ്വൻ
അടുത്ത തിയറ്ററിലെ
പന്മരാജന്റെ ഉച്ചപ്പടത്തിൽ
നിന്നും
ഇറങ്ങിപ്പോന്നതാണ്

എല്ലാവരും കല്ലെടുത്തു ഓടുന്നത്
കണ്ട്
ഞാനും ഓടി
ക്യാ.......???

Comments