1.
വേവ് കൂടുമ്പോ,
ഉടുവസ്ത്രത്തിലൂടെ,
പകലുറക്കത്തിനിടെ
മരിച്ചു പോയവരെ ഓർക്കും.
ഓരോ രാത്രിയിലും കാറ്റുണ്ട്.
ഓരോ കാറ്റിന്റെയും മടിയിൽ
നക്ഷത്രപ്പൈതലിന്റെ ഉണ്മ,
അരുമയായിരുന്ന തണുപ്പ്,
ഓർക്കാൻ വയ്യെങ്കിലും സാരല്ല;
വേവ് കൂടിയാൽ കണ്ണ് തുടയ്ക്കണേ ന്ന്
മ്മ് അമ്മ്.
2.
ദൂരം,
കുഞ്ഞുമനുഷ്യർക്ക് മണത്തുനോക്കാനാവാത്ത
മധുരപ്പാട്ട്,
കുഞ്ഞീ,
മൂക്കിലുറുമ്പ് വന്നാൽ തുടച്ച് കളയണേ.
ഉറുമ്പേ,
ഒറ്റയ്ക്ക് നടന്നാലും തീരെ കാലുനോവാതിരിക്കണേ.
ദൈവമേ,
ഒറ്റയ്ക്ക് ഉറങ്ങുമ്പോ
ഉറുമ്പരിക്കാതെ നോക്കണേ.
3.
മഴ പെയ്യുമ്പോൾ
പേരുകൾ മറക്കുന്ന
ഒരു രാത്രിവണ്ടിയുണ്ടായി.
മരങ്ങളെ മറന്നിരിക്കുമ്പോ
തിര വരുന്നുവെന്ന
പാട്ട് കേട്ട്
ഉറങ്ങിപ്പോവുന്ന വണ്ടി.
ദൂരമൊരു മധുരക്കട്ട
പിന്നെയും,
രാത്രിയിന്നു നിവർന്നുകിടന്ന്,
തിരയിലലിഞ്ഞു പോവുന്നു,
ഉറങ്ങിപ്പോവുന്നു.
4.
വേവ് കൂടിയ വെള്ളം
കണ്ണ് തുടച്ചുതുടച്ച് പോവുന്നു,
പകലുറക്കത്തിലെ
മരണങ്ങളുടെ
കാറ്റിനെ നനച്ചു നനച്ചുപോവുന്നു.
അറിവുറയ്ക്കാത്ത ദൂരത്തിനെ,
ഉറക്കിയുറക്കി,
ദൈവമേയെന്ന്
നുണച്ചു നുണച്ച് പോവുന്നു.
5.
ഉറുമ്പ് നീന്തുന്നതും നോക്കി,
നക്ഷത്രപ്പൈതലിന്റെ
അമിഞ്ഞയിലൂടെ,
കൈ പിടിച്ച്
ഭൂമി മുഴുവൻ
ഇല മണക്കുമ്പോഴും
അറിയാതെ
മരം തൊടുന്നുണ്ട്,
പകൽ.
