പുഴത്തീരത്തുള്ള
വൃക്ഷത്തിനരികിലേക്കയാൾ പുറപ്പെടും.
വൃക്ഷത്തിന്റെ ചില്ലകളിൽ നിറഞ്ഞ
പൂക്കൾ
ഏതോ ഋതുവിന്റെ സൗഹൃദം പകർന്നു
നൽകും.
അതിന്റെ തണൽ,
അയാളുടെ ഓർമ്മകളെ പരിചരിക്കും
വ്യഗ്രതകളെ ചുംബിക്കും
വിഷാദത്തെ സ്പർശിക്കും
പ്രണയത്തെത്തലോടും.
അയാൾ വൃക്ഷത്തിലേക്ക് ചേർന്ന്
ചില്ലകളിൽ തൊടുകയും,
ഉടലിൽ ഉമ്മ വെയ്ക്കുകയും ചെയ്യും.
ആ വൃക്ഷത്തിൽ
ഒരിക്കലും പഴങ്ങളുണ്ടായതായി,
അയാൾ കണ്ടിരുന്നില്ല.
എപ്പോൾ കാണാൻ ചെല്ലുമ്പോഴും
അയാളതിനോരോ പേരിട്ടു.
ദൈവങ്ങളുടെയും
പ്രവാചകൻമാരുടെയും പേരുകൾ,
രക്തസാക്ഷികളുടെയും,
കഥാപാത്രങ്ങളുടെയും പേരുകൾ.
ജീവൻ മശായ്
അയാൾക്കെന്തെന്നില്ലാത്ത
ആനന്ദം നൽകി.
വൃക്ഷത്തിന്റെ ഇലകൾ
ഒരിളം കാറ്റിൽ തൊട്ട് മർമ്മരമുണ്ടാക്കി.
ഒരു സായാഹ്നത്തിൽ
ആലീസെന്നു വിളി കേൾക്കേ,
മറവിൽ നിന്നും
പല വർണ്ണങ്ങളിലുള്ള പൂമ്പാറ്റകൾ
പറന്നുയർന്നു.
സിദ്ധാർത്ഥനെന്നായപ്പോൾ
അയാൾക്കും വൃക്ഷത്തിനുമിടയിൽ
മൗനം പിടഞ്ഞെഴുന്നേറ്റു.
അതിന്റെ വേരുകളിലൊരിക്കൽ
നീലഞരമ്പുകൾ തെളിഞ്ഞു.
ഇലകളിൽ നിലാവ് പ്രതിഫലിച്ചു.
മറ്റൊരു പേരിൽ
അതിന്റെ ഉടലിൽ നിന്നും
ഒരു മെതിയടിയൊച്ച പുറപ്പെട്ടുപോന്നു.
ഒരു മഞ്ഞുകാലത്ത്,
വൃക്ഷത്തിനരികിലയാളെത്തിയപ്പോൾ
പഴങ്ങൾ കണ്ടിട്ടില്ലാത്ത, വൃക്ഷം നിറയെ
പഴങ്ങളുണ്ടായിരുന്നു.
താൻ കരുതിവെച്ച പേര്,
അയാൾ,വിളിക്കാൻ തുടങ്ങിയതും,
ആ പേരിൽ മരണം വന്നു കൊത്തി.
പലയിടങ്ങളിൽ നിന്നുമെത്തിയ പക്ഷികൾ
മരണത്തെക്കണ്ടു.
മരണം കൊത്തിയെടുത്ത പേരിനു പിന്നാലെ
അവ വട്ടമിട്ടുപറന്നു.
പാകമായ പേരു നിൽക്കും,
മരണം കൈവെച്ചു.
പക്ഷികൾ മടങ്ങി,
പഴങ്ങൾ വീണു മുളച്ചു.
വൃക്ഷത്തിനരികിലെത്തുന്നവരെല്ലാമിപ്പോൾ
പേരിന്റെ കഥകൾ കേൾക്കുന്നു.
ഒരു പേരിലെത്താൻ
ഓരോരുത്തരും ഓരോ കഥ പറഞ്ഞുനോക്കുന്നു.
