ആൻ ഫ്രാങ്കിനോട്
ഗാസയുടെ മകൾ

ബൂസലാഹ് കൊല്ലപ്പെട്ടു.
അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടു.
അബൂതൗഫീഖും കൊല്ലപ്പെട്ടു.
അദ്ദേഹത്തിന്റെയും ഭാര്യയും കുഞ്ഞും കൊല്ലപ്പെട്ടു.
മുഹമ്മദ് ഇബ്രാഹീമും ഉമ്മയും,
ഇസ്ഹാഖും നസറും
നഈൽ സമൂനിയുടെ ഭാര്യയും കൊല്ലപ്പെട്ടു, എല്ലാവരേയും അവർ കൊന്നു.
ഇബ്രാഹിം അഹ്‌മദിന്റെ വീട്ടിൽ
ഉമ്മയുടെ കൂടെ ഞാനും പോയിരുന്നു,
അദ്ദേഹം പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു.

എന്റെ നാലു പെണ്മക്കളും
മരിച്ചിരിക്കുന്നു.
കൂട്ടത്തിലേറ്റവും ഇളയവൾ
അവളുടെ കാണാതായ
ഹെയർബെന്റ് തിരഞ്ഞുകൊണ്ട്
കുനിഞ്ഞിരിക്കുകയായിരുന്നു
അപ്പോഴാണ് ഒച്ചപോലും കേൾപ്പിക്കാതെ…

വളഞ്ഞ് ഒരു നിലാക്കീറുപോലെ
കിടക്കുകയായിരുന്നു നിലത്തവൾ.
അവളെ കുളിപ്പിക്കാനെടുത്തപ്പോൾ
അർദ്ധചന്ദ്രാകൃതിയിലുള്ള
ഹെയർബെന്റ് പോലെ തോന്നി എനിക്ക്.

അമ്മൊ ഇബ്രാഹിം പറഞ്ഞതും
ഉമ്മയും ഞാനും കണ്ടതും
റഫ് ബുക്കിൽ പകർത്തിവച്ചതാണ്
എന്റെ ആദ്യത്തെ കവിത,
പതിനാലാമത്തെ വയസ്സിൽ,
അസീർ അൽ ശമാലിയ്യയിലെ
ആൺപള്ളിക്കൂടത്തിൽ
ഇംഗ്ലീഷ് പഠിപ്പിക്കാൻ വന്ന
മൈമൂന കറാമ,
എന്റെ അനിയന്റെ അധ്യാപിക
എന്നെ കവിയെന്നു വിളിച്ചു.

എന്നെ പരിചയപ്പെടുത്താൻ മറന്നു,
റിമാലിലെ കൽപണിക്കാരൻ ഹസ്സൻ ദറാജിന്റെയും
കിസ്ഫൂമിലെ അനാം ഗസ്സാന്റെയും മകൾ,
ഫാഥിമ ഖാത്തൂൻ സ്‌കൂളിലാണെന്റെ ജനനം,
ആറുകൊല്ലം കഴിഞ്ഞ് അതേ മുറിയിലായിരുന്നു
എന്റെ രണ്ടാം ക്ലാസെന്നും ഉമ്മ പറഞ്ഞിട്ടുണ്ട്.

ഇൻതിഫാദ തുടങ്ങിയതിന്റെ രണ്ടാമാണ്ടിൽ
ജബാലിയ കാമ്പിലെ യാതനയാണ്
ഉപ്പയും ഉമ്മയും പ്രേമമാക്കിയത്.
ഒരു കാലത്തും ഞങ്ങൾക്കൊരു വീടില്ലായിരുന്നു,
എപ്പോഴും മറ്റുള്ളവർക്കുള്ള വീടുകൾ പണിതു
പണിയുന്ന ചുമരുകളിലെല്ലാം കണ്ണീരും പുരട്ടി ഉപ്പ.

ഹറം ഇബ്രാഹീമിലെ കൂട്ടക്കൊലയുടെ ശേഷം
പുരിം ദിനത്തിൽ, റമദാൻ മാസമായിരുന്നു അത്,
ശവ്വാൽ, ദുൽ ഖഅദ്, ദുൽഹിജ്ജ, പെരുന്നാളിന്റന്ന്
ജനീനിലെ ഫാഥിമ ഖാത്തൂൻ സ്‌കൂളിൽ ഞാൻ ജനിച്ചു.

നമ്മൾ അവരുടെ വീടുകൾ നിർമ്മിക്കുമ്പോൾ
അവർ നമ്മുടെ വീടുകൾ തകർക്കുകയാണ്
പണിക്കുപോയ ഉപ്പ വരുമ്പോഴെല്ലാം പറയും,
ഉമ്മ ശൈഖ് അൽ മഹ്ശി ഉണ്ടാക്കുകയാവും,
ഞങ്ങൾ ജനിൻ കാമ്പിലായിരുന്നു താമസം.
ലോകത്തിലെ ഏറ്റവും നല്ല
ചുണ്ണാമ്പുകല്ലുകൾ വെട്ടി
തലമുറകളുടെ
കരകൗശല വിജ്ഞാനം പകർത്തി
വീടുകളും നിരത്തുകളും
സ്‌കൂളുകളും ആശുപത്രികളും
പണിയാൻ ഉപ്പയും കൂട്ടുകാരും
തെൽ അവീവിലേക്കു പോകും,
ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങിവരിക.
ശൈഖ് യാസീൻ കൊല്ലപ്പെട്ടന്ന്
എനിക്കൊരനിയൻ പിറന്നു,
യാസീൻ ഹസ്സൻ ദറാജ്.
വെസ്റ്റ് ബാങ്കിലെ മതിലുപണിയോടെ
ഉപ്പ തൊഴിൽനിർത്തി,
ഭൂമിയുടെ കല്ലുകൾ
കടുപ്പിച്ചു പറയുന്നത്
ഉപ്പ കേൾക്കാതെയായി.

നാലു കൊല്ലം കഴിഞ്ഞു,
രണ്ടായിരത്തിയെട്ടിൽ,
എന്റെ പതിനാലാമത്തെ വയസ്സിൽ
യുദ്ധമെന്നെ ഇറുക്കി,
പ്രണയത്തിന്റെ സന്തതിയായ ഞാൻ യുദ്ധകവിതയെഴുതി,
ഉമ്മയും ഞാനും കണ്ടതും
അമ്മൊ ഇബ്രാഹിം പറഞ്ഞതും
റഫ് ബുക്കിൽ പകർത്തിവച്ചതാണ്
എന്റെ ആദ്യത്തെ കവിത,
അസീർ അൽ ശമാലിയ്യയിലെ
ആൺപള്ളിക്കൂടത്തിൽ
ഇംഗ്ലീഷ് പഠിപ്പിക്കാൻ വന്ന മൈമൂന കറാമ
എന്റെ അനിയന്റെ അധ്യാപിക
എന്നെ കവിയെന്നു വിളിച്ചു.
എഴുതുന്ന
പതിനാലുകാരിക്കൊരു സമ്മാനം
ഗാസയിലെ അൽ അസ്ഹർ യൂനിവാഴ്‌സിറ്റിയിലെ
നെഹ്രു ലൈബ്രറിയിൽ നിന്നുമെടുത്തൊരു പുസ്തകം
അനിയന്റെ കയ്യിലവർ കൊടുത്തയച്ചു,
നിന്റെ ഡയറി,
അങ്ങനെയാണ് ആൻ,
നാം തമ്മിൽ കണ്ടത്.

ധൈര്യവും വിശ്വാസവും
ഒരിക്കലും ദുരിതത്തിൽ നശിക്കില്ല!
ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകൾക്കും ഉപകാരപ്പെടുന്ന
എല്ലാവരെയും സന്തോഷിപ്പിക്കുന്ന ജീവിതം ഞാനാശിക്കുന്നു.
എന്റെ മരണശേഷവും
ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു!
മരണം എന്നെ പേടിപ്പിക്കാത്ത ദിവസങ്ങളിലേക്ക്,
ജീവിതത്തിൽ ആരെയും
വെറുത്തുകരയാത്ത രാവുകളിലേക്ക്
നിന്നെ വായിച്ച ദിവസം ഞാനെത്തിച്ചേർന്നു,
കടലാസിനുപകരം ഹൃദയത്തിൽ ഞാനെഴുതി,
പതിനാലു വയസ്സാവും മുമ്പേ മരിച്ചുപോയവളേ,
നിന്റെ ബാക്കിജീവിതം ഇനി ഞാനാണ് ജീവിക്കുക.

പ്രിയപ്പെട്ടവളേ,
വെറുപ്പിന്റെ അമ്പുകൊണ്ട്
ചിറകൊടിഞ്ഞവളേ,
പിടിച്ചടക്കലിന്റെ തീപ്പകയിൽ
കരിഞ്ഞുപോയവളേ,
ഞാൻ നിന്നെ വായിച്ചുകൊണ്ടേയിരുന്നു.
ഇവിടെയും യുദ്ധത്തിനറുതിയില്ലായിരുന്നു.
ആരും കൊല്ലപ്പെടാത്ത ഇടവേളകളെ
ഞങ്ങൾ സമാധാനം എന്നു വിളിക്കും,
നിന്നെ വീണ്ടും വീണ്ടും വായിക്കുമായിരുന്നു,
റമാദാൻ മാസമായിരുന്നു,
പതിവുപോലെ പട്ടാളം റോന്തുചുറ്റുന്നു,
ജനറേറ്ററുകൾ വിളക്കുതെളിക്കുന്ന
പള്ളിയിൽ നിന്ന്
ചത്തുപോയ ഫോൺ ചാർജ്ജ് ചെയ്യാൻ
ഞാനുമുമ്മയും തറാവീഹിനു പുറത്തിറങ്ങി,
ഉമ്മയെ അവരു കൊന്നു,
എന്റെ രണ്ടു കൈകളുമറ്റുപോയി.
മണ്ണളന്നു മതിയാവാത്തവർ
കൊന്നതാണെന്റെ ഉമ്മയെ, നാടിനെ.

ആൻ, ഗാസയുടെ
കരിപുരണ്ട ആലിംഗനത്തിൽ
ഇരുപത്തിയെട്ടാമത്തെ വയസ്സിൽ,
നീ ജീവിച്ചതിന്റെ ഇരട്ടി ദുരിതം പേറിയ ഞാൻ
തീരാത്ത വേദനയുടെ മന്ത്രിച്ച ഉരിയാട്ടങ്ങളാൽ
സമയത്തിനും സ്ഥലത്തിനും
അതീതമായ ഒരു ബന്ധത്തിൽ
വാക്കുകൾ കഷ്ടതകളിലൂടെ
നെയ്‌തെടുത്തു നിന്നെ വിളിക്കുന്നു.

പതിനാലുകൊല്ലം
കഴിഞ്ഞിരിക്കുന്നു, ആൻ…
ആൻ, നിനക്കറിയോ,
ഇന്നലെ ഞങ്ങളുടെ വീടുകൾ തരിപ്പണമായി,
നിന്റെ പുസ്തകമല്ലാതെ ഒരായുധവുമില്ലായിരുന്നു,
കല്ലും കവണയും പോലുമില്ലാത്തവർ,
യുദ്ധമെങ്ങനെയാണിങ്ങനെ ഏകപക്ഷീയമായത്.
നിന്റെ ജനത എന്റെ ജനതയെ ചവിട്ടിപ്പുറത്താക്കുന്നതും
രാത്രി ഞങ്ങളുടെ മേൽക്കൂരയിൽ
മരണമഴ വീഴുന്നതും
നമ്മൾ തമ്മിലുള്ള ബന്ധുതയെ ബാധിക്കുന്നില്ല.

ആരൊക്കെയാണ് മരിച്ചതെന്ന്
ഒരു മാസമായി ഞങ്ങൾ തെരയുന്നില്ല,
ആരെങ്കിലും
ജീവനോടെയുണ്ടോയെന്ന്
തിരഞ്ഞുതിരഞ്ഞ്,
അന്ത്യശ്വാസങ്ങളെ കാതോർത്ത്
അടുത്ത മിസൈലിനു മുമ്പേ..
അടുത്ത മിസൈലിനു മുമ്പേ..
രക്ഷാപ്രവർത്തനവും ആത്മരക്ഷയും നടത്തുന്നു, ഞങ്ങൾ.

ആൻ, ഞാനും മരിച്ചിരിക്കുന്നു,
മരിക്കാതെത്തന്നെ,
ഒലിവ് മരങ്ങളിൽ നിന്നുറ്റുന്ന ചോരയിൽ
നിന്നേക്കാൾ മുതിർന്നൊരുത്തി,
അവളുടെ ഇല്ലാതായ കയ്യിൽ
ഇല്ലാത്തൊരു പേന.
നീ പാർത്ത ആംസ്റ്റർഡാമിലെ
രഹസ്യ കലവറയിൽ
തുല്യ സാഹചര്യങ്ങളിൽ
നാമിന്നു കണ്ടുമുട്ടുന്നു,
നമ്മുടേത് ദുഃഖത്തിൽ നിന്ന് ജനിച്ച ഒരു ബന്ധം,
ധൈര്യത്തിന്റെയും ഭയത്തിന്റെയും സമാന്തര യാത്ര,
മാറ്റിവെച്ച സ്വപ്നങ്ങളിൽ,
നമ്മുടെ ദുരിതം കൈകോർക്കുന്നു

വെവ്വേറെ വരികളിൽ
നാം ഓഷ്‌വിറ്റ്‌സിലേക്കു പോകുന്നു.
ഹിബ്രുവിൽ കരഞ്ഞ ഒരു കാക്കയും
അറബിയിൽ കരഞ്ഞ ഒരു കാക്കയും
നമുക്കു തണലിന് ചിറകുവിടർത്തുന്നു.

ആൻ, ഗാസയുടെ ഇരുട്ടിൽ,
ഭീതിയുടെ കട്ടിലിൽ നാമിരിക്കുന്നു,
നവംബറിലെ തണുപ്പിൽ,
നിന്റെ മെലിഞ്ഞ വിരലിൽ
എന്റെ വിരലുകോർത്ത് ഒരു പേരെഴുതുന്നു,
അബ്രഹാം.
മരുഭൂമികൾ, കന്മതിതിലുകൾ, വെറുപ്പുകൾതീക്കുണ്ഡങ്ങൾ കടന്നുപോയ നമ്മുടെ പിതാമഹൻ,
ഇരുട്ടിലെ വിളക്കുമാടം,
നമ്മൾ അബ്രഹാമിന്റെ പെൺമക്കൾ.
സഹോദരീ, പ്രിയപ്പെട്ടവളേ ആൻ,
എന്റെ ഉപ്പയും അനിയനും എവിടെയെന്നറിയില്ല,
ഇതു പറയാൻ പോലും എനിക്കാരുമില്ല, നീയല്ലാതെ.
ബെർഗൻ- ബെൽസണിൽ
ഉണ്ടായിരുന്ന സ്ത്രീയാണ്
എല്ലാം നഷ്ടപ്പെട്ടുവരുന്ന
നിന്റച്ഛനെ നിന്റെ മരണമറിയിച്ചത്.
ഉപ്പയും ആങ്ങളയും ജീവിച്ചിരിക്കുന്നു
എന്നു കരുതാനല്ല എളുപ്പം,
അവരെ നീ കാണുകയാണെങ്കിൽ,
എന്റെ സലാമറിയിക്കുക,
നോട്ടപ്പുള്ളികളും രക്തസാക്ഷികളും മാത്രമായ രാജ്യത്തേക്കാൾ
ജീവിക്കാൻ എത്രയോ ഭേദപ്പെട്ടതാണ് നിങ്ങളെല്ലാമുള്ള പരലോകം.

(പരാമർശങ്ങൾ: 1987, ഒന്നാം ഇൻതിഫാദയുടെ ആരംഭം. 1994, ഹെബ്രോൺ കൂട്ടക്കൊല എന്നും അറിയപ്പെടുന്ന പാത്രിയാർക്കീസ് കേവിലെ കൂട്ടക്കൊല, അമേരിക്കൻ-ഇസ്രായേൽ സയണിസ്റ്റ് തീവ്രവാദി ബറൂച്ച് ഗോൾഡ്സ്‌റ്റൈൻ 1994 ഫെബ്രുവരി അവസാനം റമദാനിൽ ജൂതരുടെ പുരിം ദിനത്തിൽ ഇബ്രാഹിമി മസ്ജിദിൽ പ്രാർത്ഥിക്കുന്ന ഫലസ്തീനികളെ കൊലപ്പെടുത്തിയ സംഭവം.
2004, ശൈഖ് അഹ്‌മദ് യാസീനെ ഇസ്രയേൽ വധിച്ചത്. 2005-2008, വെസ്റ്റ് ബാങ്കിലെ അപാർതീഡ് മതിൽ നിർമാണം. തുടർന്നുകൊണ്ടേയിരിക്കുന്ന അധിനിവേശവും ചെറുത്തുനിൽപുമായി ബന്ധപ്പെട്ട വിവിധ സന്ദർഭങ്ങൾ, വിവിധ അഭയാർത്ഥി കാമ്പുകൾ. ബെർഗൻ ബെൽസൺ, ആൻ ഫ്രാങ്കിനെയും സഹോദരിയെയും പാർപ്പിച്ച് കോൺസൺട്രേഷൻ കാമ്പ്.)


ഉമ്പാച്ചി

കവി, ഗാനരചയിതാവ്, അബൂദബിയിൽ പ്രവാസി. ഉമ്പാച്ചി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ. തിരുവള്ളൂര്, ഉപ്പിലിട്ടത്, ഉറുദി, വലിയ അശുദ്ധികളെ നാമുയർത്തുന്നു എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments