ചമ്പകപ്പൂക്കളും പ്രാക്കളുമുള്ളാരു പള്ളിയുണ്ടോർമ്മയിലിന്നും
പെങ്ങളും ഞാനും തണുത്ത പുലരിയിൽ
എന്നും കുർബാനയ്ക്കുപോകും
ഞങ്ങൾ പഠിച്ചതും പള്ളിസ്കൂളിൽത്തന്നെ
ഒന്നിച്ചു പോക്കും വരവും
എന്നിലെ വിശ്വാസം പിന്നെ തകർന്നു പോ-
യെങ്കിലുമക്കാലമോർപ്പൂ
പെങ്ങളോ വല്യവിശ്വാസിയാണെന്നെയും
തൻ പ്രാർത്ഥനയിൽ ചേർക്കുന്നു
എത്രയോ കാലം വിധവയായിട്ടവൾ
മക്കൾക്കുവേണ്ടി ജീവിപ്പൂ
പൂക്കളും പ്രാക്കളുമുള്ളോരു പള്ളിയിൽ
ഞങ്ങൾ രണ്ടാളുമിരിപ്പൂ.

എസ്. ജോസഫ്