ലേശം സിംബോളിക്കായിക്കോട്ടേ
എന്നു കരുതി പറഞ്ഞതൊന്നുമല്ല, അത്...
ആകാശം ഇടിഞ്ഞു വീഴും.
വീണിട്ടുണ്ട്.
ഞാൻ കണ്ടിട്ടുള്ളതാണ്...
ഉച്ചത്തിലുള്ളൊരൊച്ച കേട്ടാണ്
അന്നൊരു രാത്രിയിൽ ഞാൻ
ഞെട്ടിയുണർന്നത്.
വലിയൊരാ ഒച്ചയ്ക്കു പുറകേ
ചെറിയ ചെറിയ കുറേ ഒച്ചകൾ കൂടി
സംഭവിച്ചുകൊണ്ടിരുന്നു.
വീടിനു പുറത്ത് കുറച്ച്
അകലെയായിട്ടായിരുന്നു അത്.
മറ്റാരുമത്,
കേട്ടതായി തോന്നിയില്ല;
പേടിച്ചു പേടിച്ചാണ്
ജാലകം തുറന്നത്.
നോക്കുമ്പോളുണ്ട്,
വീടിന്റെ കിഴക്കേ കോലായിലൂടെ
കാണാവുന്ന കുന്നിൻ ചെരുവോരത്തെ
വിശാലമായ ആ വെളിമ്പറമ്പിൽ
തകർന്നു തരിപ്പണമായിക്കിടക്കുന്നൂ
വലിയൊരുതുണ്ട് ആകാശം..!
അവയ്ക്കിടയിലൂടെ,
പരിഭ്രമത്താൽ കൺമിഴിച്ച
നക്ഷത്രത്തിളക്കങ്ങളിലാണ്
ഞാനതു വ്യക്തമായ് കണ്ടത്.
കണ്ടപാടേ
അലറി വിളിക്കാനാണു തോന്നിയത്.
കഴിഞ്ഞില്ല.
ആകാശം ഇടിഞ്ഞു വീണിട്ടും
അറിയാത്തവരെ
വിളിച്ചുണർത്തണമെന്നു
തോന്നിയതുമില്ല.
അടുത്തുചെന്ന്
ആസകലമൊന്നു
നോക്കിക്കാണണമെന്നു വിചാരിച്ചെങ്കിലും
പേടികാരണം തുനിഞ്ഞില്ല.
വലിയൊരുഭാഗം
ഇടിഞ്ഞുപോയശേഷമുള്ള ആകാശം
നാളതുവരെ കണ്ടിട്ടില്ലാത്ത മറ്റേതോ
വ്യംഗ്യഭാവത്തിലായിരുന്നു;
വസന്തം വസന്തമെന്ന്
ആഹ്ലാദിക്കുന്നതിനിടയിലെപ്പോഴോ
അടിമണ്ണ് ഒലിച്ചുപോയൊരു വൃക്ഷത്തെ
അതേപടി അവതരിപ്പിക്കാൻ
ശ്രമിക്കുകയായിരുന്നു,അപ്പോളാകാശം..?
വാർന്നുപോയ ഭാഗത്ത്
വേരുകൾ മാതിരിയെന്തോ
കെട്ടുപിണഞ്ഞു കിടപ്പുണ്ടായിരുന്നു.
അവ വെട്ടിവെട്ടി തിളങ്ങുന്നുണ്ടായിരുന്നു.
അകലെയായ്
ഇരുട്ട് പൊട്ടിച്ചിതറി
പടരുന്നതുപോലെ തോന്നിയിരുന്നു…
നിപതിച്ച ആകാശത്തെയും
ശേഷിച്ച ആകാശത്തെയും
മാറി മാറി നോക്കി
കഴുത്തുളുക്കുമെന്നായപ്പോൾ
നേരം വെളുക്കട്ടേയെന്നു കരുതി
ജാലകമടച്ച്
കട്ടിലിൽ ചെന്നു മലർന്നു കിടന്നു...
■
പണ്ടെൻ മുറിയിലിരുട്ടിലിരുന്നി-
‘ട്ടമ്പട ഞാനേ'ന്നോർത്തു മടുക്കെ
ജാലകമൊട്ടു തുറന്നതിലൂടെ
രാവിന്നാകാശത്തെക്കാണും
ശീലമതോർമ്മയിൽ വന്നു കുമിഞ്ഞു...
അതിനുശേഷമാണ്
ആകാശത്തെയു,മെന്നെയും
മാറി മാറി നോക്കി
നെടുവീർപ്പുതിർക്കാൻ തുടങ്ങിയത്.
''പകരംവയ്ക്കുവാനെന്തുണ്ടു നിന്നി, ലീ-
പരിധിയില്ലാ പ്രപഞ്ചസ്സമാനമായ്..?
അറിയുന്തോറുമനന്തമെന്നോരുവാൻ
കഴിയുമാറുള്ളതെന്ത്,നിൻ സ്വന്തമായ്..?''
എന്നൊരു ചോദ്യം
ഭാഷാവൃത്തത്തിലെന്നെ
വേട്ടയാടിക്കൊണ്ടേയിരുന്നു.
ഉത്തരം പരതിപ്പരതി മടുത്ത്
ഉത്സാഹം വാർന്നു പൊയ്ക്കൊണ്ടിരുന്നു...
അപ്പോഴാണാദ്യമായ്
ശൂന്യതയെകുറിച്ച് ചിന്തിച്ചത്.
ശേഷമാണ്
ഇല്ലായ്മയോളമൊരുണ്മയുമില്ലെന്ന്
ഉച്ചത്തിൽ വിളിച്ചു പറയാനാശിച്ച്
ഇറങ്ങിപ്പുറപ്പെട്ടത്...
''താരകങ്ങൾ നിറഞ്ഞൊരാകാശത്തി-
ലേറെനേരം മുഴുകിയ വിസ്മയ-
ഭാരമുള്ളൊരു രാത്രിയിൽ തന്റെയാ
ജാലകങ്ങളടയ്ക്ക്...മിഴികളെ
പോളചാരി മറയ്ക്ക്...മറ്റുള്ളവ
പാടെയെല്ലാം മറന്നതിന്നുള്ളക-
മൂളിയിട്ടൊന്നുഴിയ്...സമാനമായ്
താരകങ്ങൾ കൺചിമ്മിടുമാകാശ-
വീഥിയായകം നീർന്നിടാം...വിസ്മയ
വാനിടമെന്ന ഭാവമിയന്നിടാം..''
വൃത്തബദ്ധമെന്നുള്ളി,ലവ്യക്തമാ-
യുച്ചരിച്ചതാരിങ്ങനെ..? എന്നിൽ ഞാ-
നുദ്ധരിച്ചേറി വീണ്ടും പഴേപടി...
അങ്ങനെയാണ്
ജാലകം തുറന്നകലത്തെ വാനവും
പോളചാരിയെന്നുള്ളിലെ വാനവും
മാറിമാറി ഞാൻ
കാണാൻ തുനിഞ്ഞതും,
ആയതിൽ ചിലതവ്വിധം ചൊല്ലുവാ-
നാരെയോ തിരഞ്ഞുഴറി നടന്നതും...
■
എപ്പോഴാണ്
ഉറക്കത്തിലേയ്ക്ക്
ഊർന്നുപോയതെന്നറിയില്ല.
ഉണർന്നപ്പോൾ
അതിനും ഏറെ മുന്നേ
സകലതുമുണർന്നു കഴിഞ്ഞിരുന്നു.
അവയെല്ലാം
പതിവുണർവുകളേക്കാൾ
തിടുക്കത്തിലായിരുന്നു.
തകൃതിയിൽ
ജന്നൽപ്പാളി തുറന്നു നോക്കുമ്പോൾ
കുന്നിൻ ചെരിവോരം ശൂന്യമായിരിക്കുന്നു.
ആ വെളിമ്പറമ്പുമായ്
ആകാശത്തുണ്ടെങ്ങോട്ടോ
മാഞ്ഞുപോയിരിക്കുന്നു.
ധിറുതിയിൽ മലർ-
ന്നാകാശത്തേറി ഞാൻ...
മറ്റൊന്നും സംഭവിക്കാത്ത മട്ടിൽ
മേഘപാളികൾ
മുഴുത്ത പാരഡോളിയ ഭ്രാന്തിൽ
ഉഴറി നടക്കുകയായിരുന്നു.
ഉള്ളിലെന്തോ
ഇടിഞ്ഞു തകർന്നപോൽ
കീഴെയാളുകളന്തിച്ചുഴറുന്നൂ..!
ആളുകളെയും
ആകാശത്തെയും
മാറി മാറിനോക്കിയ ആശങ്കയിൽ
പോളകൾ കൂമ്പിയടച്ച്
മിഴികളെന്നുള്ളിലെ
വാനിടത്തിൽ പരതി നടന്നു...
അടച്ചാൽ കാണുന്ന
ആകാശത്തു നിന്നും
തുറന്നാൽ കാണുന്ന
ആകാശത്തേയ്ക്ക്
നെടുങ്കനൊരിടവഴിയപ്പോൾ
തെളിഞ്ഞുവന്നു...
മേഘപാളികൾ
ആ വഴി
കൃത്യമായ് രൂപപ്പെടുത്തുന്ന
തിരക്കിലുമായിരുന്നു.
യന്ത്രവേഗത്തിലെന്റെ തോന്നല്‍ക്കിളി
ചിറകുനീര്‍ത്തി, യാ വഴിയേ പറന്നുപോയ്...