ഒരു മരത്തിൽനിന്ന്
മറ്റൊരു മരത്തിലേയ്ക്കു പറക്കുമ്പോൾ
കറുത്ത തൂവലുകളുടെ കിരീടം ഉയർന്നുനിൽക്കുന്നുണ്ടാകും.
മഞ്ഞിന്റെ നാട്ടിൽനിന്നും മൈലുകൾതാണ്ടിയെത്തിയ
ഒരു പരദേശി.
നീണ്ടവാൽ
ഒരു പട്ടംപോലെ, ആടിക്കളിക്കും.
പറുദീസയാണ് ലക്ഷ്യം
അതിന്,
പലദേശങ്ങൾ കാണണം
ആനന്ദം നേടണം.
കൊമ്പൻ ലാർത്തിനേക്കാൾ ഭ്രാന്താണതിന്.
ഒരു കാവൽമാലാഖയുണ്ടെന്ന ധൈര്യവും.
തെക്കേചക്രവാളത്തിൽനിന്നാണ്
ഒരു പൊട്ടുപോലെ പറന്നെത്തിയത്.
ചുവപ്പിൽ മഞ്ഞയുംനീലയും തൂവലുകളിളക്കി
മഴക്കാടുകളുടെ പച്ചയിൽ കലരാതെ
വന്യമായ നൃത്തത്താലുലയുന്നു,
ചിറകുകൾ.
ഇടയ്ക്കിടെ കണ്ണുവെട്ടിക്കുന്നു, ലാസ്യമായി.
തൂവൽപ്പാവാടയിളക്കുന്നു,
ഹർഷത്തോടെ.
വിശപ്പുതോന്നുമ്പോൾ
മേലേയ്ക്കു പറക്കും.
മേഘമഞ്ഞു കുടിക്കും.
ഇണകൾ അനിവാര്യതയല്ല
എന്ന ചിന്തവന്നപ്പോൾ
സൂര്യനെ നോക്കിയങ്ങു പറന്നു,
ഭൂഗോളത്തിന്റെ മറുവശത്തേയ്ക്ക്.
കാഴ്ചകൾ
ജീവിതം കൂടിയാണ്.
എന്നാൽ ജീവനുണ്ടെങ്കിലല്ലേ ഒക്കെ നടക്കൂ
എന്ന അധികചിന്തയെ
കാറ്റിൽ പറത്തി,
ചിറകു പടർത്തി,
കണ്ണടച്ച്
എങ്ങോട്ടോ...
മനുഷ്യർക്ക് പറ്റാത്തത് ചെയ്യുന്നവരാണ്
പറുദീസക്കിളികൾ എന്നത്
അതിനറിയില്ലല്ലോ.