ജയന്തി അരുൺ

പാതാളക്കരണ്ടിയിലേക്ക്

പുതുമഴ കനത്തു പെയ്‌തൊഴിഞ്ഞ വേനൽസന്ധ്യയ്ക്കാണ്
കിണറിന്റെ ആഴങ്ങളിലേക്ക്
ഇടിഞ്ഞു പൊളിഞ്ഞു വീണത്.
വശങ്ങളിൽ പുല്ലു പടർന്നൊരു
പൊട്ടക്കിണറായിരുന്നത്.
പാതാളക്കരണ്ടികൊണ്ട്
മാന്തിയെടുക്കാൻ പറ്റാത്ത വിധം
വരണ്ട പാറയിൽത്തട്ടി
തല ചിതറിത്തെറിച്ചിരുന്നു
എല്ലുകളൊടിഞ്ഞുനുറുങ്ങി,
രക്തം തെറിച്ചു ഞാനും
കിണറിന്റെ ഭിത്തിയും
ചുവന്നു പോയിരുന്നു.
പെണ്ണാഴങ്ങളിലേക്കാഴ്ന്നിറങ്ങിയ
മുള്ളുകൾ വലിച്ചൂരിയപ്പോൾ
ആദ്യപ്രസവത്തിന്റെ വേദനയിൽ
അലറിക്കരഞ്ഞിരുന്നു.
വായിൽ തിരുകിയ തുണിയേ
കിണറ്റിലേക്ക് ഇടിഞ്ഞപ്പോൾ
നാണത്തിന് ഉണ്ടായിരുന്നുള്ളൂ.
നാലോ അഞ്ചോ കോമരങ്ങൾ
ഉറഞ്ഞു വെന്ത മാംസത്തിലേക്ക്
വേനൽമഴ കിതച്ചു പെയ്തിരുന്നു.

പാതാളക്കരണ്ടിയിൽ കുരുങ്ങാതെ
ഞാനങ്ങനെയൊരു പൂക്കളമായി
പൊട്ടക്കിണറിന്റെ ആഴങ്ങളിൽ
കിടക്കുന്നുണ്ടിന്നത്തെ മഴയിലും

തനിക്ക് പണിയാക്കിയെന്നു കുരച്ചു
മണം പിടിച്ചൊരു പൊലീസ് നായയും
മാംസം ചീഞ്ഞ നാറ്റത്തിനും മേലെ
ആകാംക്ഷ പെറ്റു കൂട്ടിയ നാട്ടുകാരും
മഴനനഞ്ഞു കുതിർന്ന കാൽപ്പാടുകൾ,
കൈവരിയിലെ വിരലടയാളങ്ങൾ
ഭൂതക്കണ്ണാടി വച്ചു ചികയുന്നുണ്ട്.
ഇനിയെന്തെങ്കിലുമാവുമോ എന്തോ?

Comments