ഡോ. ശിവപ്രസാദ് പി.

തിനൊന്ന്
രണ്ടൊന്നുകളുടെ
കൂട്ടിരിപ്പാണ്,
വാങ്ങുന്നവനും വിൽക്കുന്നവനും
അഭിമുഖമെത്തുന്ന ചന്തയാണ്,
ഏതു വിമാനക്കൂർപ്പിലും
ഏത് നിമിഷവും
നിലംപതിയ്ക്കാവുന്നത്,*

ശേഷം
ശൂന്യമൈതാന**മെന്ന്
വിളി പതിയാവുന്നത്,
വിളക്ക് വയ്ക്കാവുന്നത്!

പതിനൊന്ന്
ഒരു നിർമ്മിതിയല്ല,
കളിവീടുപോലൊരു
ആകസ്മികത മാത്രം,
പത്തുപോലെയോ
പന്ത്രണ്ടുപോലെയോ
ജനാവിഷ്കാരമില്ലാത്തത്,
സമശീർഷരെന്ന്
അവിശ്വാസത്തോടെ
ഐക്യപ്പെട്ട ഫാഷിസം,
അറ്റംകൂർത്ത കുന്തമുനകൾ,
അംശവടിയുടെ രാജഗർവ്,
ഫോട്ടോയ്ക്കുമാത്രം
ഒന്നിച്ച് പോസുചെയ്തവർ,
ഏതുനിമിഷവും
ഒരു പരിചയവുമില്ലെന്ന്
കൈമലർത്താവുന്നവർ,
ഏറ്റവും ചെറുതായിട്ടും
ഏതിലും ഒന്നാമതാകുന്ന
കുതന്ത്രികർ!

അതേ അക്കവിമാനത്തിൽ
അതേയെണ്ണം പരിചാരകരെ*** സാക്ഷിയാക്കി
ഇടിച്ചുവീഴ്ത്താനാവും
ഏത് പതിനൊന്നിന്റേയും
എടുപ്പുകൾ,
യുദ്ധം എങ്ങനെ അനിവാര്യമാകുന്നുവെന്ന ക്ലാസെടുപ്പുകൾ,****
ലോകസമാധാനത്തിനായി
ഡോളറിൽ തിളയ്ക്കുന്ന
ഉച്ചകോടിപ്പുകൾ.

പത്ത് അധികം ഒന്നല്ല
പതിനൊന്ന്.
പത്തിൻ്റെ ബഹുസ്വരതയിലേക്ക്
വർത്തുളലാവണ്യത്തിലേക്ക്
പതിഞ്ഞുവന്ന
ഒറ്റുകാരനേകതയാണത്.
പതിയിരുന്നെത്തിയ ഒന്നാണ്
പതിനൊന്ന്!
എല്ലാമേകമൊറ്റയെന്നിങ്ങനെ
പോയകാലത്തൊക്കെയും ചൊന്നവർ
ഒറ്റയാക്കുന്നു നമ്മളെ
ഒറ്റുനൽകുന്നു നമ്മളെ!

പതിനൊന്ന്
പരസ്പരം കൂട്ടിപ്പിടുത്തങ്ങളില്ലാത്ത
ഒരൊറ്റസംഖ്യ.
പിരിച്ചാലും
തലയെടുപ്പോടെ നിൽക്കുമൊറ്റകൾ!
ചെറിയ കുട്ടികൾ
പതിനൊന്നെഴുതുമ്പോൾ
സൂക്ഷിച്ചുനോക്കൂ,
രണ്ട് റോക്കറ്റുകൾ!
ആരാദ്യം പറക്കുമെന്ന
തർക്കത്തിലാണവർ.
കുട്ടിതന്നെ തീർക്കുമത്.
നോക്കൂ, താഴെ
രണ്ടിനും തറവരയ്ക്കുന്നത്!
എന്നും ഇതേനില്പാണ് വിധിയെന്ന്
വരച്ചറിയിക്കുന്നത്.

എപ്പോഴും പൊട്ടിത്തെറിക്കാവുന്ന
പതിനൊന്നുകളാണ് നമ്മളും.
ഒന്നിച്ചുജീവിക്കാമെന്ന്
കളവ് പറഞ്ഞവർ.
അമ്മയോ അച്ഛനോ വിളിച്ചാൽ,
ആരാലും വരുന്നതുകണ്ടാൽ
ഉടനെ തട്ടിവീഴ്ത്താവുന്ന വീടാണ്
നമ്മൾ
ആദ്യം പണിഞ്ഞത്.
വിശക്കുമ്പോൾ
അതേ വീടെടുത്ത്
തിന്നുമായിരുന്നു, അന്ന്!
ഇന്ന്
ഉള്ളിൽ ടി.എം.ടി. ഒളിപ്പിച്ച
ടൈൽ മിനുപ്പ്!
നമ്മളും നമ്മളുണ്ടാക്കിയ വീടും
ഇരട്ടപെറ്റവർ!
പക്ഷെ അത്ഭുതം നോക്കൂ,
ഈ പതിനൊന്ന്
നിലംപറ്റാതെ നില്ക്കുന്നു,
നമ്മുടെ കുഞ്ഞുണ്ടാക്കിയ
കളിവിമാനം
നമ്മളെ താങ്ങിനിർത്തുന്നു!

* വേൾഡ് ട്രേഡ് സെൻ്റർ സെപ്റ്റംബർ 11 ന് തകർത്തത്.
** ഗ്രൗണ്ട് സീറോ.
*** 11 എന്ന നമ്പർ (AA11) വിമാനമാണ് ട്രേഡ് സെൻ്ററിൽ ഇടിച്ചത്. വിമാനത്തിൽ 11 ജോലിക്കാർ ആണ് ഉണ്ടായിരുന്നത്.
**** സെപ്റ്റംബർ 11 ന് ആക്രമണം നടക്കുമ്പോൾ അമേരിക്കൻ പ്രസിഡൻ്റ് ഒരു ക്ലാസെടുക്കുകയായിരുന്നു.


Summary: Pathi a Malayalam poem written by Dr Sivaprasad P.


ഡോ. ശിവപ്രസാദ് പി.

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ അസി. പ്രൊഫസർ- സാഹിത്യപഠനം. ഓർമ്മച്ചാവ്, ദിവ്യഗർഭങ്ങൾ ഉണ്ടാകുന്നവിധം, തലക്കെട്ടില്ലാത്ത കവിതകൾ, പദപ്രശ്നങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments