സോണി ഡിത്ത്​

പക്ഷികളും ചൂണ്ടയും

1. കടലാറ്

റ്റുതീരത്ത് നീളൻപുല്ലുകൾ
അതിൽ കടൽപ്പതനിറമുള്ള പൂവുകൾ
കാറ്റതിനെ കടൽത്തിരകളാകാൻ
പഠിപ്പിക്കുന്നു,
വിളർത്ത കടൽകാക്കയെപ്പോലെ
അതിന്റെ മണലിലപ്പോൾ ചാഞ്ഞിറങ്ങുന്നു,
വിടർത്തിയ ചിറകുകൾ ഒതുക്കിയൊരു പകൽ.

2. പകലോൾ

രണ്ടപ്പക്ഷികളെ കോർത്ത മാലയിട്ട്
മേഘങ്ങളില്ലാതെ ചന്ദ്രനില്ലാതെ
ഒരിരുണ്ട നിറമുള്ള പെണ്ണിനെപ്പോലെ
ഉടുമുണ്ട് തെറുത്തു കയറ്റി
ഭൂമിക്കു മീതെ കാലു നീട്ടിയിരിക്കുന്നു,
പ്രായപൂർത്തിയായൊരു ദിവസം .

3. പ്രേമം

മുറ്റം വെളുമ്പൻ പൂക്കളെ വിയർക്കുന്ന രാത്രികളിൽ
ജനാലകൾ വിടർത്തി വീടതിനെ
ശ്വസിക്കുന്നു,
അതിനന്നേരമൊക്കെയും
പ്രേമിക്കാൻ മുട്ടുന്നു.

4. അദൃശ്യം

ഴച്ചാറ്റൽ കനക്കുമ്പോൾ,
ഉലഞ്ഞാടുന്ന കാറ്റിൽ കലരുന്നു
കറിവേപ്പിലമണം,
മഴയ്ക്കുമുന്‌പേ പറന്നുപോയ
പക്ഷിയുടെ
ചിറകടി
അതിന്റെ കൂടിനുമീതെ
തങ്ങി നിൽക്കുന്നു.

5. ആദിമം

പുലരിയിൽ മനുഷ്യർ
മലയിറങ്ങുമ്പോൾ
മഞ്ഞു കിനിയുന്നു
അതിനോ,
ഏതോ പുരാതന
സമുദ്രപ്പായലിന്റെ
മണം!

6. പൂവോർമ്മ

പൂക്കളുള്ള കുപ്പായമിട്ട്
പൂന്തോട്ടത്തിൽ നിൽക്കുന്നു
പൂമ്പാറ്റകളിലൊന്ന് ചുറ്റും പറക്കുന്നു
പച്ചമരത്തിലെ മരിച്ചപൂക്കളെ
പതിഞ്ഞ നോക്കുകളാലെ പ്രിയമുള്ളൊരാൾ
പതിയെ ചുംബിക്കുന്നപോലെ!

7. തനിയെ

യലറ്റ് മന്ദാരങ്ങൾക്കുമേൽ
മഴയുതിരുമ്പോൾ
കടുപ്പൻ കട്ടൻചായപോലെ
ഒരാൾ
വിഷാദം മോന്തുന്നു.

അവന്റെ ഏകാന്തതക്കിണയായ്
നിഴലിനെ വരയ്ക്കുന്നു സൂര്യൻ.
ഒരു വലിയ മുറിവ് പോലത് ഭൂമിയിൽ
അമർന്നു കിടക്കുന്നു.
നനവാർന്നയിരുളിലപ്പോൾ നനുനനെ തൂവുന്നു അവൾ നട്ട നറുമുല്ലപ്പൂമണം.

8. ലിപിയനക്കം

നിരന്തരം മിണ്ടിക്കൊണ്ടേയിരിക്കുന്നു
ആകാശവും ഭൂമിയും
മനുഷ്യരും അതിന്റെ ഭാഷയിൽപ്പെട്ട
ലിപികൾ
വേലിപ്പടർപ്പിൽ
പച്ചിലപ്പാമ്പായും കരിയിലക്കിളിയായും
അതിന്റെയനക്കം.
തെളിഞ്ഞും പാതിമറഞ്ഞും
വെയിലിലും നിലാവിലും
സൂര്യന്റെ കൊത്തുപണികൾ!

9. വരയൻപുള്ളികൾ

കാടിനുള്ളിൽ കടക്കുമ്പോൾ
മായുന്നു തെളിയുന്നു
വേഗത്തിലോടുന്ന
മാനിന്റെ പുള്ളികൾ ,
ചെമ്പൻ സീമ്പ്രയെന്നന്തിച്ച്
ഞാനിതാ അതിനെയും
നോക്കിനില്ക്കുന്നു.

10. ചൂണ്ടയിൽ

നീട്ടിയെറിയുന്നു വാക്കുകൾ
വളഞ്ഞൊരു കവിതയതിന്റെ
തുമ്പത്തനങ്ങുന്നു
കരയിലേക്കെടുക്കുമ്പോൾ
കവിത വിഴുങ്ങിക്കുരുങ്ങി
പുളയുന്നൊരു കവിയുടെ കണ്ണിൽ
മീൻമണക്കുന്ന
രണ്ട് ചെമ്പരുത്തി,
തലയിൽ
മീൻമുള്ള് കണക്കെ
അതിന് കൊമ്പിൻ
ഇരട്ടക്കിളിർപ്പ്!


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം

Comments