കുണ്ടനിപ്പാടത്ത് നടീലാണ്
തവളകളുടെ മേളം താളത്തിൽ മുറുകുന്നുണ്ട്.
അടുപ്പിൽ നടീല്കാർ പെണ്ണുങ്ങൾക്കുള്ള
കുത്തരിക്കഞ്ഞി തിളക്കുന്നു.
കനലിൽ വീതനപ്പുറത്ത് ഉണക്കമുളക്
പൊള്ളച്ച് തൊണ്ട കാറുന്നു.
അരക്കല്ലിൽ പുളിങ്കുരു തെറിപ്പിക്കാൻ
മറ്റൊരാൾ താളമിടുന്നു.
പെണ്ണുങ്ങളിങ്ങനെ പലതരം മേളത്തിൽ
അടുക്കളയിൽ ചക്കിലോടുന്നു.
വടക്കിനിയിൽ ചോർച്ചയുണ്ട്.
അച്ഛമ്മ കുത്തിയിരുന്ന് മുറുക്കി മഴത്തുള്ളികളെണ്ണി തിട്ടപ്പെടുത്തി.
ഇടക്കൊക്കെ തളത്തിലേക്കും
അടുക്കള കോലായിൽക്കും റോന്തിനിറങ്ങി.
കുട്ടികൾ ഞങ്ങൾ,
ഉമ്മറക്കോലായിൽ തോട്ടിലൊഴുക്കാനുള്ള
കളിവഞ്ചികളുണ്ടാക്കി.
കഞ്ഞിക്കലം തോളിലേറ്റി ചെറിയച്ഛനും
കളിവഞ്ചികൾ സഞ്ചിയിലാക്കി ഞങ്ങളും പാടവരമ്പത്ത് ഹാജരാവും.
പെണ്ണുങ്ങൾ കഞ്ഞി കുടിക്കണ നേരത്തിലാണ് വഞ്ചിയൊഴുക്കൽ
ഞങ്ങളഞ്ചും ചേർന്ന് തെക്കും വടക്കും നോക്കി പത്തെണ്ണം
ഞാറ്റുകണ്ടത്തിൽ പെണ്ണുങ്ങടെ സൊറ കേട്ട്, പാട്ടുകേട്ട് വഞ്ചികളങ്ങനെ തോട് താണ്ടി ഏവൂർ പുഴ നോക്കി ഇഴഞ്ഞുപായും.
എന്നും ഞങ്ങടെ വഞ്ചിയിലെ യാത്രക്കാർ കരിയുറുമ്പുകളാണ്.
എപ്പോഴും ആദ്യം മുങ്ങിയത് കുഞ്ഞുണ്ണിടെ വഞ്ചികളും
പൊരുതി തോൽക്കുന്നത് എൻ്റെ വഞ്ചികളുമാവും.
സ്ക്കൂളിൽ പോണ വഴിക്ക്
ഏവൂർ പാലത്തിന് ചോട്ടിൽ നിന്ന് താഴേക്ക് നോക്കി
ഞങ്ങളെന്നും വഞ്ചികൾ തെരയും.
ഒരിക്കലും ഒരെണ്ണവും കണ്ടില്ല.
പാതിവഴിക്ക് മുങ്ങി ചത്ത കരിയുറുമ്പുകൾക്കും വഞ്ചികൾക്കും പുഴക്കരയിൽ ആദരാഞ്ജലി വെക്കും.
ദുരന്തത്തിൻ്റെ ഖേദം ചുമന്ന് ക്ലാസ്സിലിരിക്കും.
നാരായണി ടീച്ചർ കണക്കും സുഗതൻ മാഷ് പരിസ്ഥിതിയും പഠിപ്പിക്കും.
ക്ലാസ്സിൽ
ഞാനങ്ങനെ ഉറുമ്പുകളുടെ ലോകത്ത്
കണക്കുകൂട്ടലുകൾ നടത്തി ജീവിക്കും.
സ്കൂളിൽ നിന്ന് പോരുമ്പൊ
മുങ്ങിപ്പോയ വഞ്ചികളെ തെരയാൻ
പത്ത് വഞ്ചികളും സൈന്യങ്ങളും പാലത്തിന് ചോട്ടിൽ നിന്ന് എന്നും ഞങ്ങളൊഴുക്കും.
അവയൊന്നും ഒരിക്കൽ പോലും
കുണ്ടനിത്തോട്ടിലെത്തീല്ല
എങ്കിലും ഋതുഭേദങ്ങളില്ലാതെ വഞ്ചികൾ
ഞങ്ങളൊഴുക്കി കൊണ്ടിരുന്നു.
കുണ്ടിനിപ്പാടത്ത് ഞാറ് കാലം കഴിഞ്ഞ്
കൊയ്ത്ത് കാലം വരുമ്പൊ
തോട് വറ്റും.
അപ്പൊ തൊട്ടപ്പുറം കനാലിൽ ഒഴുക്കും വറ്റും
തോടും കനാലും ഏവൂരെത്തും
വഞ്ചികളും യാത്രക്കാരും പാതിവഴിക്കും.
പതുക്കെ
വടക്കിനിയിൽ ചോർച്ച മാറി.
കുണ്ടനിപ്പാടം പറമ്പുകളായി
തോടൊഴുകാൻ മടിച്ചുനിന്നു
നടീല് പെണ്ണുങ്ങളെ കാണാതായി.
അടുക്കളയിൽ
എന്നെയും ചേർത്ത്
പതുക്കെ
കലർപ്പിൻ്റെ താളത്തിൽ ചക്കോടി.
ഒഴുക്കാൻ ഒഴുക്കില്ലെങ്കിലും
ഞാന്നെന്നും വഞ്ചികളുണ്ടാക്കി
എൻ്റെ ചക്കിലാട്ടി
പതുക്കെ
യാത്രക്കാരില്ലാതെ അവ മുങ്ങി പൊന്തി.
എൻ്റെ വഞ്ചിയിലെ യാത്രക്കാരെ
എൻ്റെ ചക്കിലെ മേളക്കാരെ,
ഓണം വന്നോണം വന്നോണം വന്നു
ഓടിയൊളിക്കാതിങ്ങു പോരൂ ...