എം.പി. അനസ്

പത്തുമണിപ്പൂക്കളും
നാലുമണിപ്പൂക്കളും

കാലത്ത് ഞങ്ങളുടെ വീട്ടില്‍, ചെടിച്ചട്ടികള്‍ ഉണ്ടായിരുന്നില്ല,
ചെടികള്‍ ഉണ്ടായിരുന്നെങ്കിലും

ചെമ്പരത്തിയുണ്ട്, നന്ത്യാര്‍വട്ടമുണ്ട്,
കടലാസ് പൂക്കളുടെയും
ചെയ്ഞ്ചിങ് റോസിന്റെയും തണ്ടുകള്‍ വെച്ചുപിടിപ്പിച്ചതുണ്ട്.

അവളുടെ വീട്ടില്‍, ചെടിച്ചട്ടികളില്‍
വേറെയും ചെടികളുണ്ട്,
മൂന്നോ നാലോ ചട്ടികളില്‍
പത്തുമണിപ്പൂവും നാലുമണിപ്പൂവുമുണ്ട്.

ഒഴിവു സമയങ്ങളില്‍
ആ ചെടികള്‍ക്കരികിലെത്തും,
വിടര്‍ന്ന് കൂടിയ
കുഞ്ഞുകുഞ്ഞു പത്തുമണികള്‍.

ഓരോ പൂവിലും തൊട്ടുതൊട്ടു നില്‍ക്കും
ഏറെ നേരമതിനരികിലായിരിക്കും
വെയിലു പൊള്ളുമ്പോള്‍,
നാലുമണിപ്പൂക്കള്‍ വിരിയവേ,
കാണാമെന്നായി തിരിഞ്ഞുനടക്കും.

നാലുമണിപ്പൂക്കള്‍
നാലുമണിക്ക് തന്നെ വിരിയുന്നുണ്ടോ എന്നറിയാനെന്ന പോലെ
ഞങ്ങളതിനരികിലെത്തും.

ആ പൂക്കള്‍ അവയെ മറന്നുപോകുന്നില്ല
ഓരോ ചെടിയും
അവയുടെ സമയത്തിനുളളില്‍
അവയുടെ വിരിയല്‍ നിര്‍വ്വഹിക്കുന്നു.

വെയിലില്‍ നിന്നും
നാലു മണിയായെന്നറിഞ്ഞ പോലെ
പതിയെപ്പതിയെ നാലു മണിപ്പൂക്കളും വിരിഞ്ഞു നിറയും,
സായന്തനമെത്തും വരെ
ഞങ്ങളതിനരികിലായിരിക്കും.

റോസാച്ചെടികളിലും
നിറയെ പൂക്കളുണ്ടായിരുന്നു,
ആ പൂവുകളൊന്നും ആരുമടര്‍ത്തിയെടുത്തില്ല
ചാഞ്ഞ് വിടര്‍ന്ന്,
സമയമെത്തിയാല്‍ കൊഴിഞ്ഞുവീഴും
പത്തുമണിപ്പൂക്കളുമതെ,
നാലുമണിപ്പൂക്കളുമതെ.

പൂക്കള്‍ വിരിയുന്ന,
കൊഴിഞ്ഞു വീഴുന്ന,
സമയത്തിനരികിലൂടെ
ഋതുക്കള്‍ പലതും കടന്നുപോയി.

സമയത്തിന്റെ ചെറിയ ചെറിയ തണ്ടുകള്‍
അവള്‍ പൊട്ടിച്ചു തന്നത്
ചിരട്ടകളില്‍ മണ്ണും വളവുമിട്ട്
നട്ടു പിടിപ്പിച്ചു.

മഴക്കാലമായപ്പോള്‍
അവയെല്ലാം പടര്‍ന്നു പന്തലിച്ചു
പൂക്കള്‍ നിറഞ്ഞു കവിഞ്ഞു,
ഞങ്ങള്‍ക്കിടയിലൊരു
സമയത്തിന്റെ ഉദ്യാനം പോലെ!

വേനലിനുമുമ്പ്
രണ്ടു ചട്ടികളിലേക്കവ
മാറ്റിവളര്‍ത്തിയെങ്കിലും
ആ കുഞ്ഞു ചെടികളിലിപ്പോഴും
വിരിഞ്ഞുകൊണ്ടിരിക്കുന്നു
സമയത്തിന്റെ പൂക്കള്‍!


എം.പി. അനസ്

കവി, എഴുത്തുകാരൻ, അധ്യാപകൻ. സകലജീവിതം, സമതരംഗം, അയ്യങ്കാളിമാല എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments