വളരെക്കാലത്തിനുശേഷം
നടക്കാനിറങ്ങിയപ്പോൾ വഴി തെറ്റുന്നു,
വിച്ഛേദിക്കപ്പെട്ട വൈദ്യുതബന്ധവും
തകരാറിലായ മാനസികനിലയും
ഒരുപോൽ ഇടപെടുന്ന വീടുകൾ
മറികടന്നു മുന്നേറുമ്പോൾ
എത്തിച്ചേരേണ്ടയിടം,
വാങ്ങിക്കേണ്ട വസ്തുകൾ,
കാണേണ്ട ആളുകൾ,
കൊല്ലേണ്ട ബന്ധങ്ങൾ,
ചെയ്തു തീർക്കേണ്ട
കാര്യങ്ങളുടെ കുറിപ്പ്
ഒന്നിലും തെളിയുന്നില്ല ഭൂപടം,
ഫോണിൽ റേഞ്ച് തെളിയുന്നില്ല
വഴി തെറ്റി തെറ്റി പോവുമ്പോൾ
സ്കൂൾ വിട്ടു പോവുന്ന കുട്ടികൾ
പൊടി നിറഞ്ഞ മൈതാനത്ത്
കിടന്നുരുണ്ടു കഴിഞ്ഞ്
ഒന്നും സംഭവിക്കാത്ത മട്ടിൽ
കൗമാരത്തിൽ നിന്നും
കെട്ടഴിഞ്ഞ കതിർകറ്റ പോൽ
എഴുന്നേറ്റു പോവുന്നു
തൂങ്ങി കിടക്കുന്ന അരിവാൾ
അരിഞ്ഞ പുല്ലിന്റെ മണം
അനാദിയിലേക്ക്
കൊയ്തുകൊണ്ട് പോവുന്നു.
ഇത്ര വൈകിയിട്ടും
നെൽവയലുകളിൽ തത്തകൾ മാത്രം
വരുന്നില്ല, ഇത്ര വൈകിയിട്ടും
മറ്റു കിളികൾ വിട്ടുപോവുന്നില്ല,
ഇത്ര വൈകിയിട്ടും വഴി തെളിയുന്നില്ല,
പേരറിയാത്ത കിളികൾ അഞ്ചാറു
കതിരുകൾ കൊത്തി, സന്ധ്യയിൽ
പതിരുകൾ പാത തോറും വിതറി
ഇനി ആർക്കുവേണ്ടിയീ വിത്തുകൾ
എന്നു വെറുതെ പാടിയിരുന്ന
ഗായകരിൽ നിന്നും ആളൊഴിഞ്ഞ
വഴിവക്കുകൾ അപ്രത്യക്ഷമായി.
വാദ്യോപകരണങ്ങൾ വായിച്ചവർ
കള്ളുഷാപ്പിൽ കസേരകളും
ഗ്ലാസ്സുകളും കമഴ്ത്തി വെച്ചു.
പണ്ടു നഗ്നചിത്രങ്ങൾ അയച്ചു
കൊണ്ടിരുന്ന കാലം മുന്നിൽ
വെളിച്ചം മിന്നി മിന്നി തെളിയുന്നു.
പഴയ കാമുകൻമാരുടെ
പ്രേമത്തിൽ തെളിയുന്ന ശരീരഭാഷ
ഒറ്റയ്ക്കു ശരീരമില്ലാതെ വന്നു
കാറ്റിൽ പതറി പാവാടയിൽ
കറങ്ങിയുലയുന്നു.
ആർ ആരാണെന്ന് എങ്ങനെ തിരിച്ചറിയും?
കഴിയില്ല, അടിയറവ് പറയുക
ഈ വൈകിയ വേളയിൽ
പിന്തിരിയുക.
മുഴുവൻ കാമുകൻമാരിൽ നിന്നും
പിരിഞ്ഞു പോവുക.
ഓർമകളിൽ നിന്നും
പുറത്തേക്കുള്ള വഴി തിരയുക.
കാമുകന്മാർ ചെറിയ തെറ്റുകൾക്ക്
ശിക്ഷിക്കുന്നത് പോലെ
നിലവാരം കുറഞ്ഞ
നിങ്ങളുടെ എന്നെ കുറിച്ചുള്ള
മറവി എന്ന കത്ത്
ഭരണകൂടത്തിലേക്ക്
എഴുതി മടക്കുക.
ഫോണിൽ വെളിച്ചം തെളിയുന്നില്ല
ഫോണിൽ ഒന്നും തെളിയുന്നില്ല
തെളിവ് ഉണ്ടാവുന്നില്ല.
പഴയ ഫോട്ടോകളുടെ
ഗാലറി കണ്ടെത്താനാവുന്നില്ല.
