പകല് /രാവ്
കാടെറങ്ങി വന്ന വെളുത്ത
ഭൂതമെന്നെ അപ്പാടെ വിഴുങ്ങി
അമ്മേന്ന് വിളിക്കാൻ കൂട്ടാക്കാണ്ട്
തൊണ്ടയ്ക്ക് ഞെക്കി
കഴുത്തില് നീണ്ട നഖം താഴ്ത്തി.
പോതി തെയ്യം കണ്ണുരുട്ടി
ചീറി വന്ന് ഭൂതത്തിനെ
കൊല്ലുമെന്ന ന്റെ പ്രാർത്ഥന
വെറുതെയായി...
ഭൂതം ഉണ്ടേൽ ദൈവോം
ഉണ്ടാവില്ലേ?
എന്നാ ഭൂതം മാത്രം വാഴണ നാട്ടില്
തെയ്യത്തിന്റെ നാടെന്ന് പറഞ്ഞ്
ജീവിച്ച എനിക്ക് ലജ്ജ തോന്നി.
ഭൂതത്തിന്റെ കണ്ണില് പെടാണ്ട്
ഇത്രേം നാള് നോക്കീത്
ദേവിയല്ല അമ്മയാന്ന്.
അതോണ്ട് വീശിയടിക്കണ
ചാട്ടയെടുത്ത് അമ്മ ഓടി വന്ന്.
രാവ് /പകൽ /ഉച്ച
പെരുത്ത തൊടകളും
വലിഞ്ഞു മുറുകിയ ഞെരമ്പും
ഒക്കിച്ച്
അമ്മേടെ നേരെ ഓടിയെത്തിയപ്പോ
ഭൂതത്തിന്റെ മണോം നഖപ്പാടും
മറച്ച് വച്ച്
പുതിയ കുപ്പായമിട്ട്.
ഭൂതത്തിന്റെ മുന്നില്
അമ്മ പോതിയായി.
അപ്പളും ഞാൻ ഭൂതത്തിന്റെ അടിമ.
തിര കേറി ഇറങ്ങിയപ്പോ
നീണ്ട നഖമില്ലാത്ത
രാവിൽ ഇറങ്ങി നടക്കാത്ത
ഒരുത്തനെന്റെ നെറുകയിൽ തൊട്ട്.
ആണി അടിച്ച പാടിൽ
നെയ്യൊഴിച്ചപ്പോ
സ്നേഹോന്ന് പാട്ട് പാടി.
പാട്ടിന്റെ ഈരടി മാറ്റി
ചൊല്ലി
ഭൂതത്തിന്റെ കഥ മറക്കാൻ
ഓനെന്റെ തേറ്റ അറത്ത്
പുഴ കടന്ന്....
പറയ്...! എന്റെ പൊയ് തേറ്റ എവിടെ?
പറയ്...! പൊയ്ക്കിനാവല്ലേയിത്?
നീയും ഞാനും ഭൂതോം....