ഒന്ന്
വൈകുന്നേരം പെണ്ണുങ്ങളുടേതാണ്
സൂര്യൻ ചുണ്ടും ചുവപ്പിച്ച്
പടിഞ്ഞാറോടുമ്പോൾ
വലിയ ചീർപ്പും കോപ്പുമായി
പെണ്ണുങ്ങൾ
പേൻ പിടിക്കാനിറങ്ങുന്നു.
വരാന്തയിലിരുന്ന്
ദിവസത്തിന്റെ ഭാരങ്ങൾ
മുഴുവനും ചുരുട്ടിയൊതുക്കി
പെണ്ണുങ്ങൾ
തല നോക്കുന്നു.
മുടി ചീന്തി മാറ്റി
ഓരോ പെണ്ണുങ്ങളും
ഈരും പേനുമെടുത്ത്
കഥ പറയുന്നു.
വിരലമർത്തലിൽ പൊട്ടിച്ചിതറിയ
പേനുകൾ,
പേനടയാളങ്ങൾ
കഥകളിൽ മൈലാഞ്ചിനീരു
കണക്ക്
കറ.
രണ്ട്
എന്റെ
തലയിൽ ഒളിച്ചുപാർക്കുന്ന
കാമുകനെ ഒരു
പേൻ കടിച്ചു.
അവൻ പൊറുപ്പ്
മതിയാക്കി
ഇറങ്ങിപ്പോയി.
പേനുകൾ
പ്രേമത്തിലെപ്പോഴും
വില്ലർ.
മൂന്ന്
എന്റെ
കൂട്ടുകാരികളുടെ
തലയിലെ പേനുകളെന്റെ
തലയിലേക്ക്
സവാരി നടത്തി.
അവയുടെ ഭൂപടങ്ങൾ
നന്നേ
ചെറുത്.
ഭൂപടങ്ങളിൽ
മുടിയതിരുകൾ.
ഇല്ല
രേഖകളവയ്ക്ക്.
നാല്
മുടി വളരുമ്പോൾ
അയാളെന്നെ
തേടിയെത്തി.
ഞാനയാൾക്ക്
മുന്നിൽ
തല
താഴ്ത്തി.
അയാളുടെ
സ്പർശം
എന്നോടുള്ള ദയ.
അയാളുടെ
വിരൽത്തുമ്പിൽ
എന്റെ ഉടലിന്റെയതിര്.
എനിക്ക്
ചുറ്റുമയാൾ
കത്രികയും മുല്ലപ്പൂമണവുമായി
വട്ടം ചുറ്റി.
എന്നെ
പുതപ്പിച്ച
വെളുത്ത തുണിയ്ക്ക്
മീതെ പേനുകൾ.
താഴേ,
അയാളുടെ
സ്പർശത്തിനായി
ഞാനെന്നെയിതാ
ഉപേക്ഷിക്കുന്നു.
‘എന്നെ
തൊടൂ തൊടൂ
തൊടാതിരിക്കരുത്’ എന്ന
എന്റെ നിലവിളി
അതേ പ്രാർത്ഥന.