ദാമോദർ പ്രസാദ്

പെരുമാറ്റച്ചട്ടം

കയാൽ
തലമുറകളുടെ അനന്തരാവകാശമുള്ള
അടിയാധാർ
സൂക്ഷ്മം പരിശോധിച്ചു
ലിംഗാഗ്രത്തിൽ നിബദ്ധമാം
സ്വത്വത്തെ തിരഞ്ഞും
അഹിതകരമാമൊന്നുമില്ലെന്നുറപ്പുവരുത്തിയും
SIR
താങ്കളെനിക്കു കല്പിച്ചുതന്നു
പെരുമാറ്റചട്ടങ്ങൾ.

പരമ പരിശുദ്ധീകൃതമാം
ഗോഘൃതമെന്ന കണക്കെ
പരമപവിത്രമാം ഹൃദന്തത്തോടെ
തല കുമ്പിട്ടുനിൽക്കും ഒരു പൂങ്കുല പോലെ
തളയ്ക്കപ്പെട്ട ഉദരത്തിൻ
അടിയായ്‌മയെ സ്മൃതിബന്ധമാക്കുക.

അഹിതമൊന്നും ചിന്തിക്കാതെ
ആകാംക്ഷ പൂകാതെ
വിരലിൽ മുറിപ്പാടുപതിയുംവരെ
വാമൊഴിയാതെ
സംസാരിക്കുന്നുവെന്നുറപ്പുവരുത്തുക.

ഇരുകൈകളും ബന്ധസ്ഥമാക്കി
ഒരു വിലങ്ങുണ്ടെന്നോർത്തു
കൈകൂപ്പാതെ കൂപ്പിനിൽക്കുക.

ഒരു ചേങ്ങിലത്താളം കാലുകളിൽ നിന്നും കേൾക്കുന്നുണ്ടെന്നു ഉള്ളറിയുക.

കണ്ണിൽ ശൂന്യമായ
പകൽവെളിച്ചവുമായി
ഇമചിമ്മാതെ അരികിൻ ചുമരിലേക്ക്
കൺപാർക്കുക.

നാസാരന്ധ്രങ്ങളിൽ
പഞ്ഞിവെയ്ക്കേണ്ട
യോഗാത്മകമായ
ശ്വാസനിശ്വാസം മതി.

അഹം ബ്രഹ്മാസ്മി.

Comments