ഋഷികേശൻ പി. ബി

​​​​​​​പി എച്ച് ഡി

ഭാഷയിൽ
ഒരു വാക്കിനെ
മറ്റൊരുവാക്കിന്റെ
ഗ്രൂപ്പിലിട്ടു തട്ടുമ്പോൾ
സംഭവിയ്ക്കുന്ന
അർത്ഥവ്യതിയാനത്തിന്റെ
എത്തിയോളജി
എന്നതായിരുന്നു
എന്റെ പി എഛ് ഡി
വിഷയം

സ്വപ്നം എന്ന വാക്കിനെ
സ്വർണ്ണമെന്ന വാക്കിന്റെ ഗ്രൂപ്പിലിട്ടു തട്ടിയപ്പോൾ
ആനയെന്ന വാക്കിനെ
തട്ടാൻ മറ്റൊരു ഗ്രൂപ്പ്
ഈന്തപ്പഴമെന്ന വാക്കിനെ തട്ടാൻ ഗ്രൂപ്പു കിട്ടിയില്ല
വാവാ എന്ന വാക്കിനെ
അബദ്ധം പറ്റി
ഗ്രൂപ്പു തെറ്റി പോസ്റ്റു ചെയ്തു പോയി

യുക്തമായ പല വാക്കുകളേയും
അയുക്തമായി പല ഗ്രൂപ്പിലുമിട്ടുതട്ടി നോക്കിയിട്ടാണ്
ഒടുവിൽ
​പ്രബന്ധം സമർപ്പിച്ചത്

മാർക്കുലിസ്​റ്റും സർട്ടിഫിക്കറ്റും
കിട്ടാൻ
ഇനിയും
ചില പ്രത്യേക ഗ്രൂപ്പുകളിൽ
ചിലതു
തട്ടേണ്ടിവരുമെന്നും
അല്ലെങ്കിൽ
മാർക്കുലിസ്റ്റ്
കിട്ടാൻ ഇനിയും
ഏറെ കാത്തിരിക്കേണ്ടിവരുമെന്നും
വാക്കുകളോടു
അടുപ്പുള്ള ചിലർ ഗ്രൂപ്പിൽ തട്ടി

അങ്ങനെ എന്റെ പി എച്ച് ഡിയും പോയിക്കിട്ടി.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഋഷികേശൻ പി. ബി.

കവി. പാതി പൊള്ളിയൊരക്ഷരം, കണ്ണാടിപ്പുഴ, മിണ്ടൽ, ഒന്നടുത്തു വരാമോനീ, കാണാതാകുന്നവർ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments