പി.എൻ. ഗോപീകൃഷ്ണൻ

സുരേഷ്കണക്ക് ബാബു

സുരേഷ്ബാബു സുരേഷ്ബാബു
ഏഴ് ബിയിലെ സുരേഷ്ബാബു
ടെക്സ്റ്റുമില്ല നോട്ടുമില്ല
പേനയാണേൽ തീരെയില്ല.

പൂജ്യമിട്ട് പൂജ്യമിട്ട്
മാഷിന്റെ കൈ തളർന്നു
ചെവി പിടിച്ച് വടിയൊടിഞ്ഞ്
തുടയിൽ നുള്ളി പരിഹസിച്ച്
ടീച്ചർമാർ വിരമിച്ചു.

സുരേഷ്ബാബു സുരേഷ്ബാബു
എന്നിട്ടും ഏഴ്ബിയിൽ

ഹൈജമ്പിൽ മുമ്പനാണേ
വോളിബോളിൽ കേമനാണേ
ചെസ്സിലാണേൽ പറയവേണ്ട
പറപറക്കും കുതിരയാണേ

കുട്ടികളെ സ്വീകരിക്കാൻ
ബസ്സുകൾക്ക് വൈമനസ്യം
ബാലകരാം ഞങ്ങളുടെ
കുന്തമായി സുരേഷ്ബാബു
മാഷമ്മാർ മൂത്തവരുടെ
മുള്ളായി സുരേഷ്ബാബു

അഞ്ചുകൊല്ലമേഴ് ബിയിൽ
തോറ്റുതോറ്റിരിക്കുമ്പോൾ
രാജുമാഷ് കേറിവന്നു
ഗുണനത്തീ കൊളുത്തുന്നു
പതിനാറേ ഗുണം ഏഴ്
എത്രയാണ് സുരേഷ്ബാബു?
എന്തുപറ്റി നിന്റെ വായിൽ
അമ്പഴങ്ങാപുഴുക്കാണോ?
തോറ്റുനാലിൽ കിടന്നെങ്കിൽ
കിടച്ചേനെ ഉപ്പുമാവ്

കാത്തുനിൽക്കും കുട്ടികളുടെ
യൂണിഫോമിൽ ചെളിയാക്കി
ഉള്ളിലൂടെ ബസ്സൊരെണ്ണം
പാഞ്ഞു പാഞ്ഞു പാഞ്ഞുപോയി
സ്റ്റീറിങ്ങ് വീലിൽ തലചായ്ച്ച്
രാജുഡ്രൈവർ ചിരിക്കുന്നു

പെരുമ്പാത കീഴടക്കാൻ
അയ്യങ്കാളി കാളയോട്ടി 1
സവർണ്ണദേശം പൊളിച്ചടുക്കാൻ
നാണുഗുരു ശിവനെ നാട്ടി 2
മിച്ചഭൂമി പിടിച്ചെടുക്കാ-
നേക്കേജി മതിലുചാടി
ഫയറിങ്ങ് സ്ക്വാഡ് തോക്കെടുക്കേ
വറുഗീസ് നിർഭയനായ് 4

ഞാനീക്ലാസ്സിൽ അഞ്ചുകൊല്ലം
സാറിവിടെ ആറുകൊല്ലം
ഞാൻ വരുന്നത് പൈപ്പുവെള്ളം
ചവച്ചല്പം പശിയടക്കാൻ
സാറെന്തിന് പതിനാറിൻ
ചെല്ലപ്പെട്ടി ചുമക്കുന്നു?
മൂക്കറ്റം കഞ്ഞിമോന്താൻ
മുകളിലൂടെ ബീഡിയൂതാൻ
ശമ്പളം തരില്ലയെന്നാൽ
ഈ വഴിയ്ക്ക് സാർ വരുമോ?

പതിനാറിൻ പട്ടികയുടെ
രാഗമാണോ മാത്തമാറ്റിക്സ്?
കൂട്ടലിന്റെ കിഴിപ്പിന്റെ
തരിയാണോ ഗണിതശാസ്ത്രം?

കണ്ടില്ലേ പൈയുടെ വാൽ
നീണ്ടു നീണ്ടു നീളുന്നത്?
ഭൂമിയിൽ ചവിട്ടിനിന്ന്
സൂര്യനിൽ പിടിമുറുക്കി
കർണ്ണമൊന്ന് രശ്മിയാക്കി
വീഴ്ത്തുന്നു പൈത്തഗോറസ്6
രണ്ടഭാജ്യസംഖ്യകൾ തൻ
തുകയാണീയിരട്ടക്കം
എങ്ങനെയിത് സംഭവിച്ചു?
ഗോൾഡുബാക്ക് തുടരുന്നു.

എഞ്ചുവടി ചൊല്ലാനാണോ
ആർക്കിമെഡീസ് മണ്ണീൽ വീണു?
സംഗ്രാമമാധവന്മാർ
തലപുകച്ചു ചിതയൊരുക്കി
രാമാനുജൻ ചോരതുപ്പി 9
ഹാർഡിയോട് പറഞ്ഞത്
ഒന്നുമൊന്നും രണ്ടെന്നല്ല
ഉപ്പുമാവ് തിന്നെന്നല്ല.

കാക്കിയിട്ട ലാത്തിയിട്ട
പ്രിയപ്പെട്ട രാജുമാഷേ
കൈവിരൽ കൂട്ടിനോക്കി
പെറ്റകുഞ്ഞു പഠിച്ചകാര്യം
അഞ്ചുമഞ്ചും പത്ത് ചൊല്ലി
കണക്കിന്ന് ഞെളിയല്ലേ

പിന്നീട് ഞങ്ങളാരും
രാജുമാഷെ കണ്ടതില്ല

കവിതയിലോ ചിന്തയിലോ
രാജുമാഷെ കണ്ടുമുട്ടാം
അപ്പഴുതിൽ സുരേഷ്ബാബു
നിങ്ങളാകും നമ്മളാകും
ഇൻക്വിലാബായ് ആളും നമ്മൾ
സിന്ദബാദായ് പെയ്യും നമ്മൾ.

ഈ കവിത , ഏതു മുദ്രവാക്യവും കവിതയാക്കിത്തന്ന സുരേഷ്ബാബുമാർക്ക്

1 . പ്രവേശനവിലക്ക് ലംഘിച്ച് മഹാത്മാ അയ്യങ്കാളി കാളവണ്ടിയോട്ടി നടത്തിയ പെരുവഴി അവകാശ സമരം 2. ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ 3. മിച്ചഭൂമി പിടിച്ചെടുക്കാൻ തിരുവിതാംകൂർ കൊട്ടാരത്തിന്റെ മതിലു ചാടിയ എ.കെ.ജി. 4. തിരുനെല്ലിയിൽ വെച്ച് പോലീസ് കൊന്ന വർഗ്ഗീസ് 5. പൈ = 22 ÷7 = 3.1428571... 6 . പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞൻ . പൈത്തഗോറസ് സിദ്ധാന്തം ജ്യാമിതിയുടെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ ഒന്ന് 7. ഗോൾഡ് ബാക്ക് പ്രശ്നം : ഗോൾഡ്ബാക്ക് എന്ന ഗണിതശാസ്ത്രജ്ഞൻ ചൂണ്ടിക്കാണിച്ച, ഇതുവരെ തെളിവുകിട്ടാത്ത ഗണിതസത്യം . രണ്ടിനേക്കാൾ വലുതായ ഏത് ഇരട്ട സംഖ്യയേയും രണ്ട് അഭാജ്യ സംഖ്യകളുടെ തുകയായി എഴുതാം 8. പ്രസിദ്ധ ഗ്രീക്ക് ശാസ്ത്രജ്ഞൻ 9. രാമാനുജനും ഹാർഡിയും ഗണിതശാസ്ത്രജ്ഞർ. രാമാനുജൻ മരിച്ചത് ക്ഷയരോഗം വന്ന്.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments