പൊടിപ്പ്

മാതി തെരളുമ്പം വയസ്സ് പത്താന്ന്.
അച്ഛനെപ്പേടിച്ചമ്മ പൊട്ടക്കിണറ്റീക്കീച്ച്
പണികീഞ്ഞു വരുംവരേയോളാടങ്ങനെ കിടന്ന്.
മുള്ളുന്നേടം മുള്ളുപോലെന്തേന്ന് വിറച്ച്.
എന്തമ്മേ കാക്കാത്തേന്നച്ചീനെ വിളിച്ച്.
വയറൊട്ടി ചിറിവറ്റി വയ്യേന്ന് കിതച്ച്.

മാതി തെരളുമ്പം വയസ്സ് പത്താന്ന്.
കാട്ടുവള്ളി പിണഞ്ഞ കാറ്റെത്താ കിണറ്റില്
കാറിക്കൂവി വിളിച്ചോള് കിടന്ന്.
അന്തിയായമ്മ വരും മുമ്പേ
ചോരമണത്ത് കരിനാഗങ്ങളിഴഞ്ഞ്,
കുന്നൊന്നിറങ്ങി നരീം പുലിം വന്ന്,
പന്തമൊളിക്കണ്ണാൽ ഭൂതപിശാചുക്കൾ വന്ന്.

എന്തെടീന്നമ്മ വള്ളി താത്തപ്പോ
വള്ളീമ്മ പെണ്ണില്ല.
അയ്യയ്യോന്ന് നെഞ്ചത്തടിച്ചപ്പോ
വെളിച്ചപ്പന്തായോളുരുണ്ട് പോന്ന്.
കണ്ണ് മഞ്ഞളിച്ചോരുടെ നാവ് താന്ന്.
കണ്ട്നിന്നച്ഛന്റെ കണ്ണ് താന്ന്.

മേപ്പോട്ട് വളർന്നപ്പാടെ മുടിയറുത്ത്
കിഴക്കോട്ട് ചാടി വടക്കോട്ടോടി
കാറ്റിനൊപ്പം പൊന്തി കൂറ്റിരുട്ടിലലിഞ്ഞ്.
കാവിനിപ്പറം മുടിയൊണക്കുന്നെന്നെക്കണ്ട്
മുടിമെടഞ്ഞ് ചമ്പകം ചൂടിച്ച്
മുണ്ടും വളയും കൊണ്ടന്ന്.

നമ്മളൊന്നിച്ച് കന്നറുത്ത് കറിവെച്ച്
ഒച്ചിൻ പശപോലൊട്ടിപ്പിടിച്ചുപ്പുകൂന
വലംവച്ചുമ്മവച്ചമ്മയില്ലാ കുഞ്ഞ്യൾക്കമ്മിഞ്ഞാ-
കൊടുത്തമ്മ കുലം വാർത്ത്.

Comments