അങ്ങനെ,
നാല്പത്തിയൊന്നാമത്തെ ദിവസവും ഭാരതി
ദുർനടപ്പുപേക്ഷിക്കാൻ
തീരുമാനം കൈക്കൊണ്ടു.
പണി കഴിഞ്ഞെത്തിയ
ഭർത്താവിന്റെ,
കള്ള് കെട്ടിയ തെറിപെറുക്കി
കലത്തിലിട്ട് വേവിച്ചു.
കാലത്ത് പിടിച്ചു വെച്ച
കുഞ്ഞുങ്ങളുടെ കണ്ണീര് ചേർത്ത്
വേവിച്ച് വിളമ്പി വെച്ചു.
തി,ന്നങ്ങേരു വന്ന നേരത്ത്
അരിക്കലത്തിൽ
ഒളിച്ചു വെച്ചിരുന്ന
പത്തിന്റെ മൂന്ന് തുട്ടെടുത്ത്,
കാലിൽ തൊട്ട് നമസ്‌കരിച്ചു.
തൊഴി വാങ്ങാൻ
കുനിഞ്ഞു കൊടുത്തു..
നരച്ചുകൊരച്ച് കക്ഷം കീറിയ
നാറ്റ നൈറ്റി ഊരികൊടുത്തു..
നായേ എന്ന നല്ല വാക്കോടയാൾ
കരണം രണ്ടും അടിച്ചു ലാളിച്ചു.
അന്നും,
അരനിമിഷം കൊണ്ട്
"ആണെന്ന്' തെളിയിച്ചു.
അന്തസായിട്ടന്തം
വിട്ടുറങ്ങിത്തെളിഞ്ഞു ..
അടിയില്ലാതൊരുമ്മം കിട്ടാൻ ഭാരതി
അടുത്ത പകലും ദുർനടപ്പിനിറങ്ങി.
അങ്ങനെ,
നാല്പത്തി രണ്ടാമത്തെ ദിവസവും ഭാരതി..
ബോൺസായി
ബോൺസായ് മരത്തിന്റെ സ്വപ്നങ്ങളിൽ
ഒരാകാശമുണ്ട്..
അതിരറിയായ്കയാൽ
കട്ട പിടിച്ചു പോയ
ഒരിത്തിരി വട്ടം..
ഇല്ലാത്ത മഹാശിഖരത്തിന്റെ
തോന്നലുകളിലേക്കവൾ
അഭാവപ്പച്ചിലകൾ പടർത്താറുണ്ട്..
എത്രയലഞ്ഞിട്ടും
നിന്നേടത്തു തന്നെ
തിരികെയെത്തുന്ന
തുടുത്ത വേരുകൾ
പകച്ചു പൊട്ടാറുണ്ട്..
പഴുത്തു തൂങ്ങുന്ന പഴങ്ങളിൽ
കല്ലെറിയാൻ പോരുന്ന
വികൃതിക്കുട്ടികളെ നോക്കി
വേരിരുമ്മുന്ന നേരങ്ങൾ
വെറുതേയുലഞ്ഞ് സ്വപ്നം കാണാറുണ്ട്.
കത്രിക്കപ്പെടുമെന്നറിഞ്ഞിട്ടും
എല്ലാ രാത്രികളിലും
മുളയിട്ട് നിലവിളിക്കാറുണ്ട്.
കാഴ്ചക്കപ്പുറം വളർന്ന്
കാറ്റിൽ
കുലുങ്ങി ചിരിക്കുന്ന അനുജനോട്
ഉയരത്തിൽ വീശുന്ന കാറ്റിനെ പറ്റി
വേദനയോടെ
അന്വേഷിക്കാറുണ്ട്....!
എങ്കിലും..
കൊച്ചുടലിലവൾ
ഋതുമതിയാകും!
രോമാഞ്ചം കൊണ്ട് പൊട്ടിക്കിളിർക്കും.
തണ്ടിൽ താരുണ്യം നിറക്കും.
മഴയോട് മിടിപ്പ് പങ്കിടും
വിത്തിന്റെ വീര്യത്തെ
ഗർഭം ധരിക്കും..
അലസിപ്പോകുന്ന ഗർഭങ്ങളിൽ
ഗൃഹാതുരതയാകും!
പകലുകളിൽ
ചിലച്ചെത്തുന്ന
കരിയിലക്കിളികൾ
അവളെയോർത്തു
നിശബ്ദരായി
മടങ്ങിപ്പോകും.
ബോൺസായ് മരത്തിന്റെ
ചില്ലയിൽ
ഊഞ്ഞാല് കെട്ടാൻ വന്ന തുമ്പികൾ
അവിടങ്ങളിൽ അടയിരിക്കാതെ
മുട്ടയിടും.
പിറക്കാതെ പോയ വിത്തുകളുടെ വിമ്മിട്ടങ്ങൾ
പുഴുക്കുഞ്ഞുങ്ങളെ കണക്കെ
ഇലകളിൽ നുരക്കും..
പുഴു തിന്നു പൊടിയുന്ന-
ഞരമ്പടരുന്ന ഇലകളിൽ,
ബോൺസായി
അമ്മത്തമറിയും.
അനുഭൂതിയിൽ കരിഞ്ഞുണങ്ങും ...
ശ്രദ്ധിച്ചു കേൾക്കൂ ...
ബോൺസായ് മരത്തിന്റെ ഉടലാകെ,
ഉന്മാദത്തിന്റെ തരിശ്
തുടലു പൊട്ടിക്കുന്നു.
▮