എന്റെ വിശ്വസ്തനായ
കള്ളിമുൾച്ചെടി-
ബാൽക്കണിയിൽ നിന്നെ
തനിച്ചാക്കിയതിൽ
എനിക്കേറെ ഖേദമുണ്ട്.
തെക്കോട്ട് പോവുക
എന്നതല്ലാതെ എന്റെ മുമ്പിൽ
മറ്റൊരു വഴിയുമില്ലായിരുന്നു.
കനത്ത ബോംബാക്രമണം,
ഭയാനകമായ സ്ഫോടനശബ്ദം
എങ്ങും കൂട്ടനിലവിളികൾ
ആയിരക്കണക്കിന്
രക്തസാക്ഷികൾ.
ഭയാനകമായ
ദിനരാത്രങ്ങളെ നേരിടാൻ
നിന്നെ തനിച്ചാക്കിയതിൽ
എനിക്കേറെ ഖേദമുണ്ട്.
എന്റെ നാടിന്റെ
നാശത്തിനു നീ സാക്ഷ്യം വഹിക്കുകയായിരുന്നല്ലോ.
ഒരു വർഷത്തിലേറെയായി
ഒരു തുള്ളി വെള്ളം തരാതെ
ദാഹം അനുഭവിക്കാൻ
നിന്നെ അനുവദിച്ചതിൽ
എനിക്കേറെ ഖേദമുണ്ട്.
ഞാനും നിന്നെപ്പോലെ വിശന്നും പട്ടിണിയുമായി
അലയുകയായിരുന്നു.
ഞാൻ തിരിച്ചെത്തിയപ്പോൾ
നീ ഇപ്പോഴും ശക്തയാണെന്ന്
ഞാൻ തിരിച്ചറിഞ്ഞു.
നിൻറ ശരീരത്തിൽ
ചില പാടുകൾ മാത്രം
കരുണയില്ലാത്ത സൈനികരുടെ സാക്ഷ്യമായി...
ഞാൻ നിന്നെ മുറുകെ
കെട്ടിപ്പിടിച്ച്
ആശ്വസിപ്പിക്കട്ടെ,
നിന്റെ മുള്ളുകൾ
മനുഷ്യത്വത്തിന്റെ
കപടതയേക്കാൾ
എത്രയോ മൃദുലം.