കറവുകാരന്റെ പശു
ഞങ്ങടെ പറമ്പിലൂടെ
കെട്ടുപൊട്ടിച്ചോടിയന്നുതൊട്ടാണ്
മച്ചിന്റെ പൊത്തിൽ
ഒളിച്ചുതങ്ങിയ
ക്ഷുദ്രജീവികളെ
വെട്ടത്തുകണ്ടത്.
ആദ്യമൊക്കെ
അമ്മച്ചിയും ഞാനും
അവറ്റോളെ
"ഇച്ചിരി ജീവന്റെ പൊടിപ്പോളല്ലേ' ന്ന്
ഗാന്ധിമാർഗം
ഉരുവിടുമായിരുന്നു
തിളച്ചുമറയണ
ഉച്ചനേരത്തും
പണിയെടുത്തുകീറിയ
കാലിലൂടെന്തോ
ഏഴയണ് എന്ന്
ഒരു നട്ട പാതിരായ്ക്ക്
അമ്മച്ചി
മണ്ണെണ്ണ വിളക്ക്
കാട്ടിയപ്പോഴാണ്
പുകില് മൂക്കുന്നത്.
മേൽക്കൂര
ചിതല്
താങ്ങുവാണെന്നും
കടം തീർന്നിട്ടില്ലാത്ത
കട്ടിള
മേല് മുഴുവൻ
മൂക്കുകുത്തി
വഴിപിഴച്ചുപോയെന്നും
അമ്മച്ചി പ്രാകി
മുറ്റത്തെ
എരണി മരത്തിൽ
അപ്പൻ പടർത്തിയ
കുരുമുളക്
കോണി കേറി പറിച്ച്
ഇറങ്ങിയപ്പോ
കാലുവെച്ച് കൊടുത്തത്
തക്കം നോക്കിയിരുന്ന
കരിന്തേളിന്റെ
മണ്ടയിലോട്ടായിരുന്നു.
അലക്കാനുള്ള വിഴുപ്പും കൊണ്ട്
അതുവഴി പോയ
രമണിയേച്ചി
എന്റെ കൊക്കിച്ചാട്ടം കണ്ട്
"പച്ച മഞ്ഞളു അമർത്തി തേച്ചാ മതി'
ന്ന് നീട്ടി പറഞ്ഞു.
കൊറോണയെന്നും പറഞ്ഞ്
രണ്ടൂസം പനിച്ച്
കിടന്നേൽ പിന്നെ
തലയിലും
കാൽപെരുമാറ്റങ്ങളുണ്ടായി.
തല ചീന്താതെ നീ
എന്റൊപ്പം കെടക്കുകേലെന്ന്
അമ്മച്ചിയും.
വെള്ളമെടുക്കാൻ പോയ
കിണറ്റിൻ കരേല്
അടയാളങ്ങളില്ലാതെ
അരിച്ചുപോയവരുടെ
ഭൂപടം മാതിരിയുള്ള
തോലുകൾ
എന്റെ പേകിനാവുകളിലേക്ക്
ഉരിഞ്ഞുവീണു.
പവർ കട്ടില്ലാത്ത
മോന്തിയെ
കെടുത്തി ഇരുട്ടിച്ചിട്ടും
ഊറാൻ വെച്ച
ആട്ടിയ എണ്ണയിൽ
പാറ്റചിറകുകൾ
തെളിഞ്ഞു വന്നു.
പാറ്റയ്ക്കു നേരെ
നീട്ടിയോരൊട്ടുന്ന
നാക്ക്
കൊരല് കൊട്ടിയന്നേരം
അമ്മച്ചിയെ
നോക്കി ചെലച്ചു.
"നിനക്ക് വെച്ചിട്ടുണ്ടെടാ' ന്ന്
അമ്മച്ചി
മൂലേന്ന്
ചൂലെടുത്തപ്പോ
പെടയുന്നൊരു
ഇറച്ചിതുണ്ടിനെ
കണ്ണിലേയ്ക്കിട്ട് പാഞ്ഞു.
അതേ പെടച്ചിലിലന്നേരം
കഴുക്കോല് തൊട്ട്
പുറമ്പോക്കിലെ
ഞങ്ങടെ പുര വരെ
പുളഞ്ഞു പെടഞ്ഞ്...▮