ഓടിയൊളിക്കുന്ന
ഓളപ്പരപ്പുകൾ
അവസാനശ്വാസത്തിൻ
വേരുകൾ ഇഴപിരിഞ്ഞു
പടവുകൾ കയറാനാവാതെ
ജനിച്ചിടം ശ്മശാനമാകുന്ന
അന്തേവാസികൾ
രാസമുകുളങ്ങൾ
അലിഞ്ഞൊരു
പൊയ്ത്തടാകത്തിൽ
നീരാടുവാനാകാതെ
ഇരുളിൻ രാജകുമാരൻ
കറപുരണ്ടയിടങ്ങൾ
വെളുപ്പിക്കാതെ
കറുത്തമൂടൽപാളികളിൽമറഞ്ഞ്
ഉപ്പിൻചൂട് കൂടിയ
ജലകണങ്ങളിൽ
മൂകരായി പിറുപിറുക്കുന്നവർ
പരിണാമത്തിനായ്
കാതോർത്ത്
മണൽപ്പരപ്പിലേക്ക്
ഊളിയിടാൻ വെമ്പുന്നു
വിഷം കുടിച്ച് മരിക്കുന്നകുഞ്ഞുങ്ങൾ
ഇരുണ്ടഭൂപടത്തിലിരുന്നു
ചൂണ്ടയിടുന്ന മുക്കുവൻ,
ശവപ്പറമ്പിൽ നിന്ന് മൃതദേഹങ്ങളെ
ഓരോന്നായ് കൊരുത്തെടുക്കുന്നു
ഇറ്റുതെളിനീരിനാൽ
തൊണ്ട നനക്കാനാവാതെ
ചത്തുപൊങ്ങുന്ന ഓർമ്മകൾ
ചെസ്സുകളി
വല്യേ വല്യേ കളിക്കളങ്ങൾ
ജാനമ്മ കണ്ടേണ്ടെങ്കിലും
മൂപ്പത്തിയാര് ഇപ്പഴും
വെള്ളേം കറുപ്പും കളങ്ങളിൽ
മാറിമാറിനോക്കിയിരിപ്പാണ്
കെട്ടുമാറാപ്പുകൾ കൂടിക്കൂടി
കാലാൾപ്പടക്കൊപ്പം
ഒരു സ്ത്രീസാന്നിധ്യമായി
മുന്നോട്ടായാൻ തുടങ്ങീട്ട്
കാലെത്രയായി
നെലമറിയാതെ നടക്കണ
പെണ്ണൊരുത്തിക്ക് സംശയം
എന്താ, തനിക്ക് ജീവനില്ലേ,
വിചാരങ്ങളില്ലേ, സ്വപ്നങ്ങളില്ലേ...
മറ്റു കരുക്കൾ മുന്നോട്ടും പിന്നോട്ടും
കുതിച്ചും കിതച്ചും വെട്ടിപ്പിടിക്കുമ്പോൾ
നിന്നിടത്തൂന്നുതിരിയണ
മരപ്പാവയായതെന്താണുഞാൻ
‘ചെസ്സ്‌ബോർഡിലില്ലാത്ത
കരുവിനു നറുക്കു വീഴുമോ ?'▮