ബിന്ദു മുംതാസ്​

അ - ശാന്തം

ഒന്ന്​

വിത പൊടിയുന്ന ഒരിടമുണ്ടത്രേ
കരളിനും കഥയ്ക്കും ഇടയിൽ
വാക്കിനും നേരിനുമിടയിൽ
വിങ്ങിയൊഴുകുന്ന ചിന്തകളുടെ
അവസാന തുള്ളി
കൊടും ചൂടോടെ ഇറ്റുവീഴുമ്പോൾ
കവിത വടുക്കളായി
പതിയുമത്രേ!

ഇനിയും നിനക്കറിയണോ
പാതിവെന്ത എന്റെ അക്ഷരങ്ങളുടെ
ആത്മാവിനെപ്പറ്റി!
ഇവിടെ എല്ലാം ശാന്തം
ശ്മാശാനങ്ങളിൽ ആരും
ഒച്ചവെക്കാറില്ലല്ലോ

രണ്ട്​

നമ്മളില്ലാതെ

ടുക്കം നമുക്ക്
മുഖാമുഖം ഒന്ന് കാണണം
ഞാനും നീയും ഇല്ലാത്തൊരിടത്ത്
അതോടെ തീരണം
ആശകളുടെ നിലക്കാത്ത ചിലമ്പലും
നനഞ്ഞൊട്ടിയ കിനാക്കളുടെ
ഈർപ്പമണവും.
ചത്ത നക്ഷത്രങ്ങളിൽ
തിളക്കവും
നിലച്ച കാലത്തിൽ
നേരവും തേടുന്നവരുടെ
പാതയോരങ്ങളിൽ
നമുക്കിങ്ങനെ കോറിയിടണം

‘ഇവിടെ ഞങ്ങളുമുണ്ടായിരുന്നു
ഒരു ബിന്ദുവിൽ
ഒന്നുമല്ലാതായിത്തീർന്നോർ
അഥവാ
ഒന്നായിത്തീർന്നോർ
കഥകളില്ലാത്തോർ
കരകളില്ലാത്തോർ
പിരിയാൻ അറിയാത്തോർ!'

മൂന്ന്​

ഭ്രാന്തി

നീ വാശിപിടിക്കരുത്
എഴുതാം ഞാൻ
ആരും കാണാത്തതൊക്കെ
നീ എന്നും വെറുതെ കാണുമല്ലോ
ഈ എന്നെ അടക്കം.

എഴുതാം
രാത്രിയാവട്ടെ
പകൽവെട്ടത്തു തുള്ളിയാർക്കുന്ന
സർവ്വ ജീവജാലങ്ങളും
നിശ്ശബ്ദരാവട്ടെ
രാവിന്റെ നീണ്ട മൗനത്തിൽ
ആരുമറിയാതെ ഞാൻ എന്റെ
കാലുകളിൽ ഇറുകെ കെട്ടിയ
ഇരുമ്പ് ചങ്ങലകൾ ഊരിവെക്കട്ടെ
പതിയെ പേന എടുക്കട്ടെ
ദിനം മുഴുവൻ നോവിനാൽ
കൂട്ടിതുന്നിയ
പുഞ്ചിരിയുടെ നൂലൊന്ന് പൊട്ടിക്കട്ടെ
കുളിച്ചൊരുക്കി വെട്ടത്തരങ്ങേറ്റിയ
വാക്കുകളെ വിവസ്ത്രമാക്കട്ടെ
നേരിന്റെ മൂടിക്കെട്ടൊന്നഴിക്കട്ടെ
കവിതയുടെ പാല പൂക്കട്ടെ
വീണ്ടും പകൽ അരിച്ചുകേറുംമുമ്പ്
വീണ്ടും ഈ ഭൂമിയുടെ അറ്റത്ത്
ഞാൻ എന്റെ കാലുകളെ
ചങ്ങലയിട്ട് കെട്ടുംമുമ്പ്
ഞാൻ എഴുതാം ഈ രാവിൽ
നീ ഭയക്കരുത്
എന്റെ വാക്കുകളുടെ ചങ്ങല കിലുക്കങ്ങളെ
ഒരിക്കലും
എഴുതാം ഞാൻ
ശാഠ്യം പിടിക്കാതിരിക്കൂ.​▮

Comments